തൃശൂര്‍: ശക്തന് സ്റ്റാന്‍ഡിലെത്തുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ പണിമുടക്കിയതോടെ യാത്രക്കാര്‍ വലഞ്ഞു. യാത്രക്കാര്‍ ആകാശപ്പാതയിലൂടെ സഞ്ചരിക്കണമെന്ന ഗതാഗതപരിഷ്ക്കരണത്തിനെതിരെയാണ് സമരം.
പരിഷ്ക്കരണത്തില്‍ പ്രതിഷേധിച്ച് തൃശൂരില്‍ നിന്നും ഗുരുവായൂര്‍, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, കുന്നംകളും ഭാഗത്തേക്കുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. യാത്രക്കാര്‍ ആകാശപ്പാതയിലൂടെ ചുറ്റിവേണം ശക്തന്സ്റ്റാന്ഡിലെത്തേണ്ടത്.
ശക്തന്സ്റ്റാന്ഡിലൂടെയുള്ള രണ്ട് പ്രവേശന കവാടങ്ങള്‍ അടച്ചിട്ടിരുന്നു. ഇതോടെ ശക്തന് പ്രതിമ ചുറ്റിവേണം ബസുകള്‍ക്ക് ശക്തന് സ്റ്റാന്ഡിലെത്തേണ്ടത്. വടക്കേ സ്റ്റാന്‍ഡ് വഴിയുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
സ്വകാര്യ ബസുകള്‍ക്ക് ശക്തന് സ്റ്റാന്‍ഡ് പരിസരത്ത് ഏകപക്ഷീയമായി നടപ്പാക്കിയ ഗതാഗത പരിഷ്കരണം പിന്‍വലിക്കണമെന്നും ശക്തന് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സി.ഐ.ടിയു, ബി.എം.എസ്, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി സംഘടനകള്‍ ഉള്‍പ്പെടുന്ന സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
കളക്ടര്‍ അര്ജുന് പാണ്ഡ്യനുമായി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ബസ് പണിമുടക്കിന് ജീവനക്കാര്‍ നിര്‍ബന്ധിതമായത്. എഴുന്നൂറോളം ബസുകളാണ് ഇവിടെ നിന്ന് സര്‍വീസ് നടത്തുന്നത്.