തിരുവനന്തപുരം പെട്രോള്‍ പമ്പിന്റെ എന്‍.ഒ.സിക്കായി കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വ്യക്തമാക്കി ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യൂ മന്ത്രി കെ.രാജനാണ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറിയത്.
തെറ്റു പറ്റിയെന്ന് നവീന്‍ ബാബു ജില്ലാ കളക്ടറോടു പറഞ്ഞിരുന്നു എന്ന കാര്യം റിപ്പോര്‍ട്ടിലുണ്ട്. പക്ഷെ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലില്ല.
റിപ്പോര്‍ട്ട് നേരത്തെ ചീഫ് സെക്രട്ടറി പരിശോധിച്ചിരുന്നു. എന്ത് തെറ്റാണ് പറ്റിയതെന്ന് ചോദിച്ചെങ്കിലും നവീന്‍ ബാബു അതിനു മറുപടി നല്‍കിയില്ലെന്ന് കളക്ടറുടെ മൊഴിയില്‍ പറയുന്നു.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ എത്തുന്നത് ആരുടേയും ക്ഷണം ഇല്ലാതെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ കളക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ യോഗത്തില്‍ എത്തിയതെന്ന് പി.പി.ദിവ്യ പറഞ്ഞിരുന്നു.