പാലക്കാട്: വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. രണ്ട് മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍. പാലക്കാട് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എന്‍ഡിഎ-എല്‍ഡിഎഫ് മുന്നണികള്‍.
പാലക്കാടും വയനാടും നിലനിര്‍ത്താനാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ചേലക്കര പിടിച്ചെടുക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. എല്‍.ഡി.എഫും ശുഭപ്രതീക്ഷയിലാണ്.
പോളിംഗ് കുറവിലും ആത്മവിശ്വാസത്തിലാണ് പാലക്കാട്ടെ മുന്നണികള്‍. എല്‍ഡിഎഫ് അനുഭാവവോട്ടുകളും ലഭിച്ചെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അവകാശവാദം. അമ്പതിനായിരം വോട്ടുകള്‍ ലഭിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോക്ടര്‍ പി സരിനും, അയ്യായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറും പറഞ്ഞു.
ചേലക്കരയില്‍ ആകെ പോള്‍ ചെയ്തത് 72.77% വോട്ട്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 4 ശതമാനം കുറവ്. അവസാനവട്ട കണക്കുകൂട്ടലുകളില്‍ കഷ്ടിച്ചു കയറിക്കൂടാമെന്നാണ് എല്‍.ഡി.എഫിന്റെ നിഗമനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.രാധാകൃഷ്ണന്‍ വിജയിച്ചത് 39,400 വോട്ടിന്റെ ഭൂരിക്ഷത്തിലാണ്.
വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്ക് നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്. വയനാട്ടില്‍ എട്ട് ശതമാനത്തോളം വോട്ടുകളാണ് കഴിഞ്ഞ തവണത്തെക്കാള്‍ കുറഞ്ഞത്. തങ്ങളുടെ വോട്ടുകള്‍ പരമാവധി പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് നേതാക്കളുടെ അവകാശവാദം. കഴിഞ്ഞ തവണത്തെ വോട്ടുവിഹിതം ഇക്കുറി ഉണ്ടാകുമോ എന്നാണ് എല്‍ഡിഎഫിന്റെയും ബിജെപിയുടെയും ആശങ്ക .