തൃശൂർ : ചര്‍ച്ചകളും, സംവാദങ്ങളും നടത്തുന്ന മാധ്യമങ്ങള്‍ സ്വന്തം അഭിപ്രായങ്ങളും, നിലപാടുകളും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്ന് ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍. ദൃശ്യമാധ്യമങ്ങള്‍ സജീവമായതോടെ വാര്‍ത്തകളിലെ സത്യം തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സാഹിത്യ അക്കാദമി ഹാളില്‍ പി.അരവിന്ദാക്ഷന്‍ നഗറില്‍ സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളില്ലാതെ ജനാധിപത്യമില്ല. ചര്‍ച്ചകളിലൂടെ തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയണം. വാശിയും കിടമത്സരവുമാണ് ചാനലുകളിലെ ചര്‍ച്ചകളില്‍ കണ്ടുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ട് പതിറ്റാണ്ടിനിടെ മാധ്യമരംഗത്ത് വലിയ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പൊതുസമൂഹത്തില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോടതികളിലെ വിധിന്യായങ്ങള്‍ പോലും ജനം അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാധ്യമശക്തി എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
മാധ്യമങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടമാകുന്നുവെന്ന് ഡോ.കെ.എസ്. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പരസ്യങ്ങളും വാര്‍ത്തകളും തിരിച്ചറിയാന്‍ കഴിയുന്നില്ല. പരസ്യങ്ങള്‍ അതിശയോക്തി കലര്‍ന്നവയാണ്. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ മാധ്യമങ്ങള്‍ വേണം. എന്റെ അഭിപ്രായമാണ് ശരിയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ശഠിക്കരുത്. കഴമ്പുള്ളവ സ്വീകരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്‍.ശ്രീകുമാര്‍, എന്‍.പി.ചേക്കുട്ടി, എം.വി.വിനീത, ജോര്‍ജ് പൊടിപ്പാറ, ജോയ്.എം.മണ്ണൂര്‍, സരിത വര്‍മ, രാജാജി മാത്യു തോമസ്, ഡോ.മുഹമ്മദ്, പി.മാധവന്‍, കെ.പി.വിജയകുമാര്‍ പി.പി.അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.