പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിനോട് നീല ട്രോളി ബാഗ് വിവാദത്തില്‍ തെളിവുകള്‍ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കോൺഗ്രസ് നേതാക്കൾ ട്രോളി ബാഗിൽ പണം എത്തിച്ചെന്ന പരാതിയിൽ തെളിവ് കണ്ടെത്താനായില്ലെന്ന അന്വേഷണ റിപ്പോർട്ടാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പാലക്കാട് എസ്പിക്ക് നൽകിയത്. വിവാദത്തില്‍ തുടർ നടപടി ആവശ്യമില്ലെന്നും കേസ് അവസാനിപ്പിക്കുമെന്നും എസ്പി . ട്രോളി ബാഗ് വിവാദത്തിലൂടെ തന്നെ കള്ളപ്പണക്കാരനാക്കാന്‍ ശ്രമിച്ചത് ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ബോധപൂര്‍വമായ അജണ്ടയാണെന്ന് നിയുക്ത പാലക്കാട് കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ലോഡ്ജില്‍ നടന്ന് രാഷ്ട്രീയ നാടകമായിരുന്നു. ജനഹിതത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്നും രാഹുല്‍ ആരോപിച്ചു. പെട്ടി വിവാദം വിടാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല. ഈ വിഷയം മുന്നോട്ട് കൊണ്ടു പോകാന്‍ തന്നെയാണ് തീരുമാനം. ഷാനി മോള് ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും മുറിയിലേക്ക് യൂണിഫോം ഇല്ലാതെ പോലീസ് ഇടിച്ചു കയറി. ഇതിന് നിയമപരമായി മറുപടി പറയേണ്ടി വരുമെന്നും രാഹുല്‍ വ്യക്തമാക്കി.