കൂര്‍ക്കഞ്ചേരി: ശ്രീമാഹേശ്വര ക്ഷേത്രസവിധത്തില്‍ വര്‍ണക്കാവടികളുടെ മയൂരനടനം ആയിരങ്ങള്‍ക്ക് ആഹ്ലാദക്കാഴ്ചയായി. പീലിയഴകില്‍ നിരയൊത്താടിയ അമ്പലക്കാവടികളും, ആട്ടത്തിനൊത്ത്്് കൊട്ടും,പാട്ടുമായി നാഗസ്വരവും കാഴ്ചക്കാരുടെ മനംനിറച്ചു.
തൈപ്പൂയത്തിന് രാവിലെ 11.10 മുതല്‍ വിവിധ ദേശങ്ങളില്‍നിന്ന് കാവടി എഴുന്നള്ളിപ്പുകളെത്തിത്തുടങ്ങിയിരുന്നു.
കണ്ണംകുളങ്ങര, കണിമംഗലം, വെളിയന്നൂര്‍ ഉത്സവക്കമ്മിറ്റികളുടെ പന്തലില്‍നിന്നു പുറപ്പെടുന്ന കാവടിസംഘങ്ങള്‍ ക്ഷേത്രത്തില്‍ സമാപിച്ചു. വൈകീട്ട് അതാതു ദേശങ്ങളില്‍നിന്ന് തുടങ്ങിയ എഴുന്നള്ളിപ്പ് നാലിനു ക്ഷേത്രത്തിലെത്തി. തുടര്‍ന്നു കുടമാറ്റവും, കൂട്ടിയെഴുന്നള്ളിപ്പും നടന്നു. രാത്രിയും എഴുന്നള്ളിപ്പ് തുടരും. രാത്രി 11.15 മുതല്‍ പുലര്‍ച്ചെ രണ്ടുവരെ ഭസ്മക്കാവടിയാട്ടം.
12നു രാവിലെ ആറിനു കൂട്ടിയെഴുന്നള്ളിപ്പ്. തുടര്‍ന്നു രാവിലെ പത്തിനു സമ്മാനദാനം. രാത്രി എട്ടിനു ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ട് കണിമംഗലം ശ്രീനാരായണ ഹൈസ്‌കൂളിലെത്തി ചടങ്ങുകള്‍ക്കുശേഷം ക്ഷേത്രത്തില്‍ തിരിച്ചെത്തും.
13നു രാവിലെ ഏഴരമുതല്‍ ക്ഷേത്രം തീര്‍ഥക്കുളത്തില്‍ ആറാട്ട് ആരംഭിച്ച് ചടങ്ങുകള്‍ക്കുശേഷം പഞ്ചവാദ്യത്തോടെ ക്ഷേത്രത്തിലെത്തി കൊടിയിറക്കും. എട്ടു ദേശങ്ങളില്‍നിന്നുള്ള കാവടിസംഘങ്ങളാണു പങ്കെടുക്കുന്നത്. തുടര്‍ന്നു പ്രസാദ ഊട്ട്. മികച്ച കാവടിസംഘങ്ങള്‍ക്കായി അഞ്ചുലക്ഷം രൂപയുടെ സമ്മാനങ്ങളാണു നല്‍കുന്നത്.