കൊച്ചി: നഗരത്തിലെ ഹോട്ടലില്‍ നടന്ന ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടന് ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പൊലീസ് നിര്‍ദേശിച്ചതിലും അരമണിക്കൂര്‍ നേരത്തയാണ് ഷൈന്‍ സ്റ്റേഷനില്‍ എത്തിയത്.
പത്തരയ്ക്ക് എത്തുമെന്നായിരുന്നു പൊലീസിനു ലഭിച്ച വിവരം. എന്നാല്‍ പറഞ്ഞതിനും അര മണിക്കൂര്‍ മുന്‍പേ ഷൈന്‍ പിതാവിനൊപ്പം സ്റ്റേഷനില്‍ എത്തുകയായിരുന്നു. പുറത്തു കാത്തുനിന്ന മാധ്യമങ്ങളോട് പ്രതികരിക്കാതെ ഷൈന്‍ സ്റ്റേഷനകത്തേയ്ക്കു കയറി പോയി.
ലഹരി റെയ്ഡിനിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിന്റെ കാരണം നേരിട്ട് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച് പൊലീസ് ഇന്നലെ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യാന്‍ 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് തയാറാക്കിയത്
വിശദമായ ചോദ്യം ചെയ്യലാണ് പൊലീസ് നടത്തുക. അതിനാല്‍ തന്നെ ചോദ്യം ചെയ്യല്‍ നീണ്ടേക്കുമെന്നാണ് വിവരം.
സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ഷൈനിന്റെ പിതാവ് ചാക്കോ പറഞ്ഞു.
പത്ത് വര്‍ഷം കേസ് നടത്തി പരിചയമുണ്ടെന്നും ആരോപണങ്ങള്‍ ഓലപ്പാമ്പുകളെന്നും ഷൈനിന്റെ പിതാവ് ചാക്കോ പ്രതികരിച്ചു. നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഹോട്ടലില്‍ പരിശോധന നടന്ന രാത്രിയില്‍ ഉണ്ടായ സംഭവങ്ങള്‍ ചോദിക്കാനാണ് നീക്കം. ഷൈന്‍ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോള്‍ ലോഗുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈന്‍ നഗരത്തില്‍ താമസിച്ച 6 ഹോട്ടലുകളില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഹോട്ടലുകളില്‍ താമസിച്ചിരുന്ന ദിവസങ്ങളില്‍ ഷൈനിനെ സന്ദര്‍ശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്. അടുത്തിടെ ഷൈന്‍ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ കേസും പരാതിയും ഇല്ലെങ്കിലും ലഹരി പരിശോധനയ്ക്കിടെ ഓടിക്കളഞ്ഞ നടന്റെ നീക്കത്തില്‍ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്.
അതേസമയം ലഹരി ആരോപണവുമായി ബന്ധപ്പെട്ട നടി വിന്‍സിയുടെ പരാതിയില്‍ ഷൈന്‍ ടോം ചാക്കോയുടെ വിശദീകരണം ലഭിച്ച ശേഷം നടപടി എടുക്കാനാണ് താരസംഘടനയായ അമ്മയുടെ തീരുമാനം. ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ അമ്മ കടുത്ത നടപടി തന്നെ സ്വീകരിച്ചേക്കും. സംഘടനാ അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളാകും ഷൈനില്‍ നിന്ന് വിശദീകരണം തേടി നടപടിക്ക് ശിപാര്‍ശ ചെയ്യുക. ഫിലിം ചേമ്പറും തിങ്കളാഴ്ച അടിയന്തര യോഗം ചേരും.