തിരുവനന്തപുരം: പേവിഷ ബാധയേറ്റ് എസ്എടിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസല്‍ മരിച്ചു. കുട്ടി വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്. വാക്സീനെടുത്തിട്ടും പേവിഷ ബാധയേല്‍ക്കുന്നത് ആവര്‍ത്തിക്കുകയാണ്.
കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ. ദിവസങ്ങള്‍ക്ക് മുന്‍പാണ് മലപ്പുറം പെരുവള്ളൂര്‍ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം. ഏപ്രില്‍ മാസത്തില്‍ മാത്രം ആറ് പേരാണ് പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്.
ഏപ്രില്‍ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് കുന്നിക്കോട് സ്വദേശിയായ കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്. ഉടന്‍ തന്നെ ഐ.ഡി.ആര്‍.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്റീ റാബിസ് സിറവും നല്‍കിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആര്‍വി നല്‍കി. ഇതില്‍ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രില്‍ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോള്‍ പരിശോധിച്ചു. അപ്പോഴാണ് പേവിഷ ബാധയേറ്റെന്ന് മനസിലായത്. യഥാസമയം വാക്സിൻ എടുത്തതിനാല്‍ പേവിഷ ബാധയേല്‍ക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബവും നാട്ടുകാരും. അതിനാല്‍ തന്നെ പിന്നീടാരും പട്ടിയെ കുറിച്ച് അന്വേഷിച്ചില്ല. നായക്ക് എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല.
മാര്‍ച്ച് 29 നാണ് സിയയ്ക്ക് നായയുടെ കടിയേറ്റത്. പെരുന്നാള്‍ ദിവസം വീടിനടുത്തുള്ള കടയിലേക്ക് മിഠായി വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കേളേജിലും എത്തിച്ചു. പ്രതിരോധ വാക്‌സീന്‍ നല്‍കി. മുറിവ് ഉണങ്ങി വരുന്നതിനിടെ പനി ബാധിച്ചു. പരിശോധനയില്‍ പേ വിഷബാധ സ്ഥിരീകരിച്ചു. സിയയുടെ മുഖത്തും തലയിലും കൈകാലുകളിലുമായി 20 ഇടങ്ങളില്‍ മുറിവേറ്റിരുന്നു.