ന്യൂഡല്‍ഹി: പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ നൂറോളം ഭീകരരെ വധിച്ചുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഗായ്, എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി, വൈസ് അഡ്മിറല്‍ എ.എന്‍.പ്രമോദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഓപ്പറേഷന് സിന്ദൂര്‍ ഭീകരവാദത്തിനുള്ള ശക്തമായ മറുപടിയെന്ന് ലഫ്. ജനറല്‍ രാജീവ് ഗായ് പറഞ്ഞു. ഭീകരതയുടെ ആസൂത്രകരെ ശിക്ഷിക്കുകയും അവരുടെ ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്യുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഓപ്പറേഷന് സിന്ദൂര്‍ വിഭാവനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നല്കിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം ആരംഭിച്ചത്.
ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടത്. പല ഭീകരര്‍ക്കും പരിശീലനം നല്കിയ കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞു തകര്‍ത്തു. അജ്മല്‍ കസബ് ഉള്‍പ്പടെയുള്ളവര്‍ക്ക് പരിശീലനം നല്കിയ ക്യാമ്പുകള്‍ തകര്‍ത്തു. ഒന്‍പത് ഭീകര ക്യാമ്പുകള്‍ തകര്‍ത്തു. 100 ഓളം ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ കൊടുംഭീകരരും ഉള്‍പ്പെടുന്നു. വ്യോമസേന ഇതില്‍ പ്രത്യേക പങ്കുവഹിച്ചു. നാവിക സേനയും ഭാഗമായി – അദ്ദേഹം വ്യക്തമാക്കി. ഐസി-814 വിമാനത്തിന്റെ ഹൈജാക്കര്‍മാരും, പുല്‍വാമയില്‍ ആക്രമണം നടത്തിയവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്നും രാജീവ് രാജീവ് ഗായ് വ്യക്തമാക്കി.
ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ യൂസഫ് അസ്ഹര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസിര്‍ അഹമ്മദ് തുടങ്ങിയ കൊടും ഭീകരര്‍ ഉള്‍പ്പടെ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് എയര്‍ മാര്‍ഷല്‍ എ.കെ ഭാരതി പറഞ്ഞു. ലക്ഷ്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വമാണ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.