ന്യൂഡല്‍ഹി: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലാകുകയോ ചെയ്താല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു.
കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ അവതരണം. രാവിലെ മുതല്‍ പ്രതിഷേധം തുടരുന്നതിനാല്‍ ഉച്ചവരെ ബില്‍ അവതരിപ്പിക്കാനായില്ല. സഭ പലകുറി പിരിയുകയും ചേരുകയും ചെയ്ത ശേഷം ഉച്ചകഴിഞ്ഞു രണ്ടിനാണ് ബില്‍ അവതരിപ്പിക്കാനായത്. ബില്‍ കൊണ്ടുവന്നത് ചട്ടപ്രകാരമാണെന്നും ജെപിസിക്ക് വിടാമെന്നും അമിത് ഷാ അറിയിച്ചു.
ബില്‍ അവതരണത്തിനിടെ നാടകീയ സംഭവങ്ങള്‍ക്കും സഭ സാക്ഷിയായി. പ്രതിപക്ഷം മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയതോടെ കൈയാങ്കളിയുമുണ്ടായി. തൃണമൂല്‍ അംഗങ്ങള്‍ ബില്ലിന്റെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞാണ് പ്രതിഷേധിച്ചത്. അമിത് ഷായ്‌ക്കെതിരേയും കടലാസ് വലിച്ചെറിഞ്ഞു. ബഹളത്തെ തുടര്‍ന്ന് സഭ മൂന്നുവരെ നിര്‍ത്തിവച്ചു.
രാവിലെ ചേര്‍ന്ന ഇന്ത്യാ സഖ്യ യോഗം ബില്ലിനെ എതിര്‍ക്കാന്‍ ഒന്നടങ്കം തീരുമാനിച്ചിരുന്നു. പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ബില്ലെന്ന് ഇന്ത്യ സഖ്യം വിമര്‍ശിച്ചു.
വോട്ടര്‍പട്ടിക ക്രമക്കേടിനെതിരെയും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. അതേസമയം, ബഹളത്തിനിടെ ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബഹളം തുടരുന്ന പ്രതിപക്ഷത്തിന് നേരെ പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു രൂക്ഷ വിമര്‍ശനമുയര്‍ത്തി.
അഞ്ചു വര്‍ഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി മുപ്പതു ദിവസം കസ്റ്റഡിയില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമായിരിക്കും.
തുടര്‍ച്ചയായി മുപ്പത് ദിവസം ഒരു മന്ത്രി പോലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ മുപ്പത്തിയൊന്നാം ദിവസം മന്ത്രിസഭയില്‍ നിന്ന് നീക്കണം. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശിപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും.
പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍ എന്നിവരാണ് അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ കിടക്കുന്നതെങ്കില്‍ മുപ്പത്തിയൊന്നാം ദിവസം സ്ഥാനം നഷ്ടമാകും. അതായത് മന്ത്രിസഭ തന്നെ അതോടെ വീഴും. അതേ സമയം ജയില്‍ മോചിതരായാല്‍ ഈ സ്ഥാനത്ത് തിരികെ വരുന്നതിന് തടസമില്ലെന്നും ബില്‍ പറയുന്നു.
മന്ത്രിമാര്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. ഇത്തരക്കാര്‍ ജയിലില്‍ കിടന്നുകൊണ്ട് ഭരണം നടത്തുന്നത് ഉചിതമല്ലെന്നാണ് സര്‍ക്കാരിന്റെ വാദം.