തൃശൂര്‍: കേരളത്തിന് ഗുണകരം രണ്ട് മുന്നണികളും മാറിമാറി ഭരിക്കുന്നതാണെന്ന് കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദന്. ഇക്കാര്യം താന്‍ തിരഞ്ഞെടുപ്പ് കാലത്ത് പറയുന്നതല്ല, എല്ലാ കാലത്തും പറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി വരണം. പശ്ചിമബംഗാള്‍ ഉദാഹരണമാണ്. അക്കാര്യം എനിക്ക് നേരിട്ടറിയാം. തുടര്‍ഭരണം പാര്‍ട്ടി തന്നെ ആഗ്രഹിക്കാത്ത ആളുകള്‍ സ്വാര്ഥതാല്പര്യങ്ങളോടെ കടന്നുവരും. അധികാരത്തിന് കേന്ദ്രീകരണം വര്‍ധിക്കും. അതുകൊണ്ട് പ്രതിപക്ഷമാകുന്നത് ഭരണപക്ഷം മറന്നുപോകും. പ്രതിപക്ഷത്തിരിക്കുക എന്നത് പാര്‍ട്ടി ശക്തിപ്പെടുന്നതിനും ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ വേരാഴ്ത്തുന്നതിനും സഹായിക്കും. പ്രതിപക്ഷമാണ് പലപ്പോഴും ജനഹിതം പ്രകടിപ്പിക്കുന്നത്. ഏത് ജനാധിപത്യത്തിലും ശക്തമായ പ്രതിപക്ഷമുണ്ടാകുക എന്നത് ആവശ്യമാണ്. ജയം തോല്‍വി എന്നതാകരുത് ആത്യന്തിക ലക്ഷ്യം. അടിത്തട്ടിലുള്ള വിഭാഗത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതാണ് ജനാധിപത്യം. ഇതുവരെ കാണാത്തവരെയും കേള്‍ക്കാത്തവരെയും ജനസഭയില്‍ കാണാനും കേള്‍ക്കാനും തുടങ്ങുമ്പോഴാണ് ജനാധിപത്യം ആത്യാന്തികാര്‍ഥത്തില്‍ ജനാധിപത്യമാകുന്നത്. ഇന്ത്യ പോലുള്ള ബഹുസ്വര രാജ്യത്ത് എല്ലാവരെയും ഒന്നിച്ച് കൊണ്ടുള്ള സായുധ വിപ്ലവം സാധ്യമാണെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനാധിപത്യത്തില്‍ എല്ലാവരെയും ഒന്നിപ്പിക്കുക എന്നതാണ് തന്റെ ആലോചനയെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ഒരു പാര്‍ട്ടിയെക്കുറിച്ചല്ല പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.ബിജെപിക്കെതിരെ ഒന്നിച്ച് നിക്കണം. കേരളത്തില്‍ ഒന്നിച്ച് നിക്കണമെന്ന് പറയുന്നില്ല. കാരണം അങ്ങനെ വന്നാല്‍ ബിജെപി മുഖ്യപ്രതിപക്ഷമാകും. ബിജെപിക്ക് സാധ്യതയുള്ള മണ്ഡലങ്ങളില്‍ രണ്ട് മുന്നണികള്‍ ധാരണയുണ്ടായിരുന്നെങ്കില്‍ ഈ തരത്തിലുള്ള ഫലം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമായിരുന്നില്ല.
കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സമുദായ പ്രീണനത്തിന് ശ്രമിക്കരുത്.. നിലവില്‍ ഇടതുപക്ഷമടക്കം സമുദായ സംഘടനകളുമായി ഐക്യപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടിത്തട്ടിലെ പാര്‍ട്ടി ആവേണ്ടതാണ്. പക്ഷേ മധ്യ ഉപരി മധ്യവര്‍ഗത്തിന്റെ ആഗ്രഹങ്ങളാണ് സാധിച്ചു കൊടുക്കുന്നത്. മത-സമുദായ പ്രീണനത്തിന് ശ്രമിക്കരുത്. ഗുരുവിന്റെ തത്വങ്ങള്‍ക്ക് എതിരായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാളെ സന്തോഷിപ്പിക്കുകയും ഗുരുവിനെക്കാള്‍ മഹാനാണ് അദ്ദേഹമെന്ന് പറയേണ്ടി വരികയും ചെയ്യുന്ന അവസ്ഥ കമ്മ്യൂണിസ്റ്റുകാരന് മാത്രമല്ല, ഏതൊരു മതേതര വാദിക്കും കേരളീയനും അംഗീകരിക്കാന്‍ കഴിയില്ല. അത്തരത്തിലുള്ള സന്ധികള്‍ പാര്‍ട്ടികളെ പിന്നോട്ടു കൊണ്ടുപോകുന്നു. കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നത് ആശയങ്ങളുടെ പിന്തുടര്ച്ചയാണ് അതിന് പകരം വ്യത്യസ്തമായ കാര്യങ്ങള്‍ ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ഭരണം കേരളത്തിന് നല്ലതല്ല: സച്ചിദാനന്ദന്


















