Newsskerala

900 വാഗ്ദാനങ്ങളില്‍ 97% നടപ്പാക്കി’;  പ്രോഗ്രസ് റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി

കണ്ണൂര്‍: എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ അക്കമിട്ടു നിരത്തുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തുവിട്ടു. 2021-ലെ പ്രകടനപത്രികയില്‍ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാരിന്റെ പത്താം വര്‍ഷത്തില്‍ എല്‍.ഡി.എഫ്. മുന്നണി എന്ന നിലയിലാണ് ഈ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടുഘട്ടങ്ങളിലായി നല്‍കിയ വാഗ്ദാനങ്ങളുടെ പുരോഗതി മുഖ്യമന്ത്രി വിശദീകരിച്ചു. 2021-ല്‍ പ്രസിദ്ധീകരിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് അനുസരിച്ച് 600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും പൂര്‍ത്തിയാക്കി. 2021-ലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി. ബാക്കിയുള്ളവ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ പ്രധാന നേട്ടമായി ലൈഫ് പദ്ധതി വഴി അഞ്ച് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി 20 ലക്ഷം ഗുണഭോക്താക്കള്‍ക്ക് നല്‍കിയ കാര്യം മുഖ്യമന്ത്രി എടുത്തുപറഞ്ഞു. കൂടാതെ മത്സ്യത്തൊഴിലാളികള്‍ക്കായി 2752 വീടുകളും 738 ഫ്‌ളാറ്റുകളും കൈമാറി. ഭൂമിയുടെ പട്ടയം ലഭിക്കാത്ത 4,56,689 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ സാധിച്ചു. ഡിജിറ്റല്‍ സര്‍വേ നടപടികളില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ വ്യാപൃതരായതിനാലാണ് പട്ടയവിതരണം അഞ്ച് ലക്ഷം കവിയാതിരുന്നതെന്നും അല്ലെങ്കില്‍ ആ ലക്ഷ്യം മറികടക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയിലൂടെ സംസ്ഥാനത്തെ 64,006 കുടുംബങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിക്കാന്‍ സാധിച്ചു. ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, തുരങ്കപാത എന്നിവയിലെ പുരോഗതിയും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *