Newsskerala

ചാവക്കാട് – വടക്കാഞ്ചേരി റോഡിൽ ഗതാഗത പുനഃക്രമീകരണം; കുന്നംകുളം വൺവേ ജംഗ്ഷനിൽ ടൈൽ വിരിക്കൽ പ്രവൃത്തികൾ ആരംഭിച്ചു

ചാവക്കാട് – വടക്കാഞ്ചേരി റോഡിൽ കുന്നംകുളം ജംഗ്ഷൻ വൺവേ ഇറങ്ങുന്ന ഭാഗത്ത് ടൈൽ വിരിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും വാഹനയാത്ര സുഗമമാക്കുന്നതിനുമായി നഗരസഭയുടെ നേതൃത്വത്തിൽ ഗതാഗത പുനഃക്രമീകരണം ഏർപ്പെടുത്തി. നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ഗതാഗത ക്രമീകരണങ്ങൾ സംബന്ധിച്ച് തീരുമാനമെടുത്തത്.

നിലവിൽ ഗുരുവായൂർ റോഡിലേക്കുള്ള വൺവേ സംവിധാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. തൃശ്ശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഇനി മുതൽ പോപ്പുലർ ക്ലബ് വഴി തിരിഞ്ഞ് ഗുരുവായൂർ റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്. കൂടാതെ, ഹെർബർട്ട് റോഡ് വഴി ഗുരുവായൂർ റോഡിലേക്ക് പോകുന്ന വാഹനങ്ങൾ യാതൊരു കാരണവശാലും വലത്തോട്ട് തിരിഞ്ഞ് പോകാൻ പാടുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു. റോഡ് പ്രവൃത്തി നടക്കുന്ന ദിവസങ്ങളിൽ ഡ്രൈവർമാരും പൊതുജനങ്ങളും പുതിയ ഗതാഗത നിർദ്ദേശങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്ന് നഗരസഭ അഭ്യർത്ഥിച്ചു.

നഗരസഭാ ചെയർപേഴ്സന്റെ ചേമ്പറിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. സോമശേഖരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി മോൻസി, കക്ഷി നേതാക്കളായ ശ്രീജിത്ത് ആവേൻ, ലബീബ് ഹസൻ, ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി കെ.എ. അസി, എ.എം.വി.ഐ. മാത്യു വർഗീസ്, സബ് ഇൻസ്പെക്ടർ എസ്. പ്രേംജിത്ത്, പൊതുമരാമത്ത് വകുപ്പ് ഓവർസിയർ സ്മിത, മുനിസിപ്പൽ സെക്രട്ടറി കെ.കെ. മനോജ്, ഓട്ടോ-മോട്ടോർ തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *