തൃശൂര്‍: ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളുടെ അടയാളപ്പെടുത്തലാണ് മെഗാ പ്രദര്‍ശന വിപണന മേളയെന്ന് റവന്യുമന്ത്രി കെ.രാജന്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും, സാധാരണക്കാര്‍ക്കും, കര്‍ഷകര്‍ക്കും താങ്ങും തണലുമാണ് ഇടതുപക്ഷ സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് തേക്കിന്‍കാട് മൈതാനത്ത് ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പ്രദര്‍ശന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിച്ചു.
മേയര്‍ എം കെ വര്‍ഗീസ്, എം.എല്‍.എമാരായ എ സി മൊയ്തീന്‍, മുരളി പെരുനെല്ലി, ഇ ടി ടൈസണ്‍ മാസ്റ്റര്‍, വി ആര്‍ സുനില്‍കുമാര്‍, എന്‍ കെ അക്ബര്‍, സി സി മുകുന്ദന്‍, കെ കെ രാമചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ,കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സ്ലര്‍ ടി കെ നാരായണന്‍, ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, ചേംബര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ സംസ്ഥാന പ്രസിഡന്റ് എം കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ വി നഫീസ, ഗ്രാമപഞ്ചായത്ത്
അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ് ബസന്തലാല്‍,ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍,
പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ടി ശേഖരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുള്‍ കരീം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട് മേള അരങ്ങേറി.
നൂറോളം കൊമേഷ്‌സ്യല്‍ സ്റ്റാളുകള്‍ ഉള്‍പ്പെടെ 180 ലേറെ സ്റ്റാളുകള്‍ മേളയില്‍ പ്രദര്‍ശനത്തിനുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കീഴിലുള്ള ഉല്‍പന്നങ്ങളും വ്യവസായ വകുപ്പിന് കീഴിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉല്‍പന്നങ്ങളുമാണ് പ്രദര്‍ശനത്തിനും വിപണനത്തിനുമായി എത്തുക. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന തീം സ്റ്റാളുകളും വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്ന യൂട്ടിലിറ്റി സ്റ്റാളുകളുമുണ്ടാകും.
അക്ഷയയുടെ ആധാര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍, ജീവിതശൈലീ രോഗങ്ങളുടെ പരിശോധന, മണ്ണ്, ജല പരിശോധന, പാല്‍, ഭക്ഷ്യ സാധനങ്ങളുടെ സാമ്പിളുകള്‍ എന്നിവയുടെ പരിശോധന, ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, കരിയര്‍ ഗൈഡന്‍സ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള കൗണ്‍സലിംഗ്, ചെറിയ കുട്ടികളിലെ ഭിന്നശേഷി നിര്‍ണയ പരിശോധന തുടങ്ങിയവയാണ് യൂട്ടിലിറ്റി സ്റ്റാളുകളില്‍ ലഭിക്കുന്ന സൗജന്യ സേവനങ്ങള്‍. ഇതിനു പുറമെ, ദുരന്ത നിവാരണം, സ്വയം പ്രതിരോധം എന്നിവയുടെ ഡെമോകളും സുരക്ഷിത വൈദ്യുതി, വാതക ഉപയോഗം, ലഹരി വിമുക്തി തുടങ്ങിയവയെ കുറിച്ചുള്ള ബോധവല്‍ക്കരണവും മേളയില്‍ ഒരുക്കും.
മേളയോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിശാലമായ ഫുഡ്‌കോര്‍ട്ടും ഒരുങ്ങുന്നുണ്ട്. മില്‍മ, ജയില്‍, കെ.ടി.ഡി.സി എന്നിവയും ഫുഡ്‌കോര്‍ട്ടിലുണ്ട്.