തൃശൂര്‍: ചലച്ചിത്ര യുവ നടന്‍ വിനീത് തട്ടില്‍ ഡേവിഡ് (45) അറസ്റ്റില്‍. അന്തിക്കാട് പുത്തന്‍പീടിക സ്വദേശിയാണ്. ആലപ്പുഴ തുറവൂര്‍ സ്വദേശി അലക്സിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്സ് ആശുപത്രിയില്‍ ചികിത്സയിലാണ്. അന്തിക്കാട് പോലീസാണ് കേസെടുത്തിരിക്കുന്നത്.
അലക്‌സുമായി വിനീതിന് സാമ്പത്തിക തര്‍ക്കങ്ങളുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അലക്‌സ് വിനീതിന്റെ വീട്ടിലെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനു പിന്നാലെയാണ് വടിവാള്‍ കൊണ്ട് വിനീത് തട്ടില്‍ അലക്‌സിനെ വെട്ടിയത്. ആക്രമണത്തില്‍ അലക്‌സിന്റെ കൈക്ക് വെട്ടേറ്റു.
പുത്തന്‍പീടികയിലെ വീട്ടില്‍ നിന്നാണ് ഇന്നലെ രാത്രി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി ഡയറീസ്, ആട്-2, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളില്‍ വിനീത് അഭിനയിച്ചിട്ടുണ്ട്. തുറവൂർ സ്വദേശിയാണ് അലക്സ് . ഇയാൾ 7 ലക്ഷത്തോളം രൂപ തട്ടിലിന് കടം നൽകി എന്നാണ് പോലീസ് പറയുന്നത്. പ്രതിയെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും.