WATCH VIDEO HERE….
രാജിയ്‌ക്കൊരുങ്ങി ഡി.പി.സി അംഗം സി.പി. പോളി
സി പി പോളി കോർപ്പറേഷൻ കൗൺസിലർമാരുടെ ഔദ്യോഗിക ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത വോയിസ് മേസേജ് പുറത്തുവന്നതിന് ശേഷമാണ് ഭരണപക്ഷത്തെ ഭിന്നതകൾ പുറത്തുവന്നത്…
തൃശൂര്‍: വഞ്ചിക്കുളം ടൂറിസം പദ്ധതിയെച്ചൊല്ലി തൃശൂര്‍ കോര്‍പറേഷന്‍ ഭരണസമിതിയില്‍ ഭിന്നത രൂക്ഷം. ഭരണപക്ഷത്തെ കൗണ്‍സിലര്‍ സി.പി.പോളി ഡിസ്ട്രിക്‌സ് പ്ലാനിംഗ് കമ്മിറ്റി (ഡി.പി.സി) അംഗത്വം രാജിവെയ്ക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഡി.പി.സി അംഗത്വം രാജിവയ്ക്കുന്നതായി അറിയിച്ചുകൊണ്ടുള്ള പോളിയുടെ വാട്‌സാപ്പ് ശബ്ദസന്ദേശം കൗണ്‍സിലര്‍മാര്‍ അയച്ചുകൊടുത്തിട്ടുണ്ട്. ജില്ലാ കളക്ടറാണ് ഡി.പി.സി ചെയര്‍മാന്‍. കളക്ടര്‍ക്ക്് സി.പി.പോളി രാജിക്കത്ത് നല്‍കിയതായി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
മാലിന്യം നിറഞ്ഞ വഞ്ചിക്കുളത്ത് കോടികള്‍ ചിലവിട്ട് ടൂറിസം പദ്ധതി നടപ്പിലാക്കുന്നതില്‍ സി.പി.പോളിയടക്കം ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ മേയര്‍ എം.കെ.വര്‍ഗീസ് അടക്കം വഞ്ചിക്കുളം പദ്ധതിയുമായി മുന്നോട്ടുപോയതാണ് ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ക്ക് കാരണമായത്. ആഗസ്റ്റ് 15ന് വഞ്ചിക്കുളത്ത് ബോട്ടിംഗ് ട്രയല്‍ റണ്ണും നടത്തി.
തൈക്കാട്ടുശ്ശേരിയില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച സി.പി.പോളി എല്‍.ഡി.എഫിന്റെ പിന്തുണയോടെയാണ് ഡി.പി.സി അംഗമായത്. കൗണ്‍സിലര്‍മാരായ പി.സുകുമാരന്‍, ഷീബ ബാബു, കരോളിന്‍ ജെറിഷ് പെരിഞ്ചേരി എന്നിവരും വഞ്ചിക്കുളം പദ്ധതിയില്‍ അതൃപ്തി അറിയിച്ചിരുന്നതായും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
നെട്ടിശ്ശേരിയില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച മേയര്‍ എം.കെ.വര്‍ഗീസ് അടക്കം ഇപ്പോള്‍ 25 കൗണ്‍സിലര്‍മാരാണ് ഭരണപക്ഷത്തുള്ളത്. യു.ഡി.എഫിന് 24 കൗണ്‍സിലര്‍മാരും, ബി.ജെ.പിക്ക് ആറ് കൗണ്‍സിലര്‍മാരും ഉണ്ട്. സി.പി.പോളി പ്രതിപക്ഷത്തേക്ക് മാറിയാല്‍ ഭരണപക്ഷമായ എല്‍.ഡി.എഫിലെ കൗണ്‍സിലര്‍മാരുടെ എണ്ണം 24 ആകും. കോര്‍പറേഷനില്‍ ആകെ 55 കൗണ്‍സിലര്‍മാരുണ്ട്. ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പാസാകാന്‍ 28 പേരുടെ പിന്തുണ വേണം.
വഞ്ചിക്കുളത്തെ തൃശൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് തൃശൂര്‍ കോര്‍പറേഷനും, ഡി.ടി.പി.സിയും ചേര്‍ന്ന് വഞ്ചിക്കുളം പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ കോര്‍പറേഷനിലെ പ്രധാന അഴുക്കുചാലുകളില്‍ നിന്ന് വഞ്ചിക്കുളത്തിലേക്കും, ബന്ധപ്പെട്ടു കിടക്കുന്ന കെ.എല്‍.ഡി.സി കനാലിലേക്കും മലിന ജലം ഒഴുകിയെത്തുന്നത് പദ്ധതി സംബന്ധിച്ച് കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. വഞ്ചിക്കുളത്തിനോട് ചേര്‍ന്ന് കോടികള്‍ ചിലവിട്ട് മലിനജല ശുദ്ധീകരണ പ്ലാന്റ് വരുമെന്ന് മുന്‍ എല്‍.ഡി.എഫ് ഭരണസമിതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.
ഭിന്നത രൂക്ഷമായാൽ അവിശ്വാസ പ്രമേയം വിജയിപ്പിക്കുന്നതിന് വേണ്ട 28 അംഗങ്ങളെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്ന് മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്റെ കൗൺസിലർമാർ പറഞ്ഞു. വഞ്ചിക്കുളം പദ്ധതി സംബന്ധിച്ച ഭിന്നത മൂലം ഭരണം കൈവിട്ടു പോകുന്ന സാഹചര്യത്തിൽ എത്താതെ നോക്കുക എന്നുള്ളതായിരിക്കും ഭരിക്കുന്ന ഇടതുപക്ഷത്തിന് മുൻപിലുള്ള വെല്ലുവിളി.