മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് മുനിയപ്പയേയും കടത്തുകാരെയും പിടിക്കുന്നത്
ഇത്രയും മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ ഇത്തരം കേസിൽ കേരളത്തിൽ പിടിയിലാകുന്നത് ആദ്യമാണ്
കൊച്ചി: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് കള്ളക്കടത്ത് സ്വര്‍ണ്ണവുമായി കസ്റ്റംസ് സൂപ്രണ്ടിനെ പോലീസ് പിടികൂടി. സ്വര്‍ണ്ണം കൈമാറാനായി കാത്തു നിന്ന കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ(46)യാണ് തൊണ്ടിയോട് കൂടെ പോലീസ് പിടികൂടിയത്.
ഉച്ചതിരിഞ്ഞ് 2.15ന് ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ രണ്ട് കാസര്‍ഗോഡ് സ്വദേശികള്‍ കടത്തികൊണ്ട് വന്ന 320 ഗ്രാം സ്വര്‍ണ്ണമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിയപ്പ എയര്‍പോര്‍ട്ടിന് പുറത്ത് എത്തിച്ചതായി പോലീസ് പറയുന്നു. ഈ സ്വർണം കടത്തികൊണ്ടുവന്ന യാത്രക്കാര്‍ക്ക് 25000രൂപ പ്രതിഫലത്തിന് കൈമാറാന്‍ ശ്രമിക്കുമ്പോഴാണ് സൂപ്രണ്ട് പിടിയിലായത് എന്നാണ് വിവരം.ഇത്രയും മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ ഇത്തരം കേസിൽ കേരളത്തിൽ പിടിയിലാകുന്നത് ആദ്യമാണ്.
കാസര്‍ഗോഡ് തെക്കില്‍ സ്വദേശികളും സഹോദരങ്ങളുമായ കെ എച്ച് അബ്ദുൾ നസീറ(46), കെ ജെ ജംഷീർ (20 ) എന്നിവരാണ് കള്ളക്കടത്ത് സ്വർണ്ണം എത്തിച്ചത്. 640 ഗ്രാമാണ് ഇവർ കൊണ്ടുവന്നത്. ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിയപ്പ ലഗ്ഗേജ് പരിശോധിച്ചപ്പോൾ ഇത് കണ്ടെത്തി. എന്നാല്‍ രണ്ട് പേരില്‍ നിന്നുമായി 320 ഗ്രാം സ്വർണം മാത്രം കസ്റ്റംസ ഡ്യൂട്ടി അടപ്പിച്ച ശേഷം ബാക്കി വരുന്ന 320 ഗ്രാം സ്വർണം പണം കൊടുത്താൽ പുറത്ത് എത്തിച്ച് തരാമെന്ന് അവരുമായി ധാരണയിലെത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് മുനിയപ്പയേയും കടത്തുകാരെയും പിടിക്കുന്നത്.
സ്വർണം കൂടാതെ 4,42,980രൂപയും 500 യുഎഇ ദിര്‍ഹവും നിരവധി വിലപിടിപ്പുള്ള വാച്ചുകളും മറ്റേതോ യാത്രികരുടെ 4 ഇന്ത്യന്‍ പാസ്പോര്‍ട്ടുകളും മുനിയപ്പയുടെ കയ്യിൽ പോലീസ് കണ്ടെത്തി. പോലീസ് ഉദ്യോഗസ്ഥരായ ഷിബു, നാസര്‍ പട്ടര്‍കടവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഈയിടെയാണ് മുനിയപ്പ കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സൂപ്രണ്ടായി എത്തിയത്.