Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ചിരിയുടെ തമ്പുരാന് വിട…. ഇന്നസെൻറ് ഇനി ഓർമ്മ……

വിടവാങ്ങിയത് അഞ്ച് പതിറ്റാണ്ട് കാലം മലയാള സിനിമയിൽ നിറഞ്ഞുനിന്ന സൂപ്പർസ്റ്റാർ പരിവേഷമുള്ള ഹാസ്യതാരം

700 ഓളം സിനിമകളിൽ വേഷമിട്ടു

ദേവാസുരം, രാവണപ്രഭു, വേഷം തുടങ്ങിയ ചിത്രങ്ങളിൽ അവിസ്മരണീയമായ ക്യാരക്ടർ വേഷങ്ങൾ അവതരിപ്പിച്ചു

അന്ത്യം 75ാം വയസ്സിൽ

ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ ഇന്ന് രാത്രി 10.30ന് അന്ത്യം

സിനിമയിൽ ആദ്യം എത്തിയത് നിർമ്മാതാവായി

രണ്ടുതവണ അർബുദത്തെ അതിജീവിച്ചു. എന്നാൽ നിരവധിതവണ കോവിഡ് ബാധിതനായത് ശ്വാസകോശത്തെ കാര്യമായി ബാധിച്ചു

തിരിച്ചുവരവ് അസാധ്യമെന്ന് വിലയിരുത്തിയ മെഡിക്കൽ ബോർഡ് ഇന്ന് രാത്രി എട്ടുമണിക്ക് ചേർന്ന യോഗത്തിനുശേഷം വെന്റിലേറ്റർ സപ്പോർട്ട് മാറ്റുവാനുള്ള തീരുമാനത്തിലെത്തി. ശേഷം രാത്രി 10.30ന് മഹാനടന്റെ വിടവാങ്ങൽ

നീണ്ട 18 വർഷം ‘അമ്മ ‘ യുടെ പ്രസിഡന്റ്

കൊച്ചി: മലയാള സിനിമയിലെ ഹാസ്യചക്രവര്‍ത്തിയും, മുന്‍ എം.പിയുമായ ഇന്നസെന്റ് (75)  ഇനി ഓര്‍മകളില്‍ മാത്രം. കൊച്ചിയിലെ വി.പി.എസ് ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച്ച രാത്രി 10.45 ഓടെയായിരുന്നു അന്ത്യം. അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ്് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂര്‍ ഭാഷയുമായി വെള്ളിത്തിരയില്‍ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച ചിരിയുടെ തമ്പുരാനെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായിരിക്കുന്നത്. സിനിമാ നിര്‍മ്മാതാവായാണ് ഇന്നസെന്റ് ചലച്ചിത്രമേഖലയില്‍ സജീവമായത്. 750 ഓളം ചിത്രങ്ങളില്‍ അഭിനനയിച്ച ഇന്നസെന്റ്  1972 – ല്‍ ‘നൃത്തശാല’ എന്ന ചിത്രത്തിലാണ് ആദ്യം വേഷമിട്ടത്. ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്തും അദ്ദേഹം തിളങ്ങി.

കാന്‍സറിനോട് പോരാടി ജീവിതത്തിലേക്ക് ശക്തമായ തിരിച്ചുവരവും അദ്ദേഹം നടത്തിയിരുന്നു. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന്‍ ഇന്നസെന്റ് അറിയപ്പെടുന്നത്. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകവും രചിച്ചു. സി.പി.എം സഹയാത്രികനായ അദ്ദേഹം ചാലക്കുടി എം.പിയായും സേവനമനുഷ്ഠിച്ചു.
സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഇരിങ്ങാലക്കുടയില്‍ മുനിസിപ്പല്‍ കൗണ്‍സിലറായി. 2014 മേയില്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി എം.പിയായി  തിരഞ്ഞെടുക്കപ്പെട്ടു. 2019-ല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28-ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷണല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്.എന്‍.എച്ച്. സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. എട്ടാം ക്ലാസ്സില്‍ പഠനം അവസാനിപ്പിച്ചു. തുടര്‍ന്ന് അഭിനയമോഹവുമായി ഇന്നസെന്റ് മദ്രാസിലെത്തി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി. സംവിധായകന്‍ മോഹന്‍ മുഖേനയാണ് സിനിമാരംഗത്തെത്തിയത്. 1972-ല്‍ പുറത്തിറങ്ങിയ നൃത്തശാലയായിരുന്നു ആദ്യചിത്രം. പിന്നീട് ഉര്‍വശി ഭാരതി, ഫുട്‌ബോള്‍ ചാമ്പ്യന്‍, നെല്ല് തുടങ്ങിയ ചിത്രങ്ങളിലെ ചെറുവേഷങ്ങള്‍. തുടര്‍ന്നും ചെറുവേഷങ്ങള്‍ ഇന്നസെന്റിനെ തേടിയെത്തി. ഇടയ്ക്ക് ടൈഫോയിഡ് പിടിപെട്ടതിനേ തുടര്‍ന്ന് കര്‍ണാടകയിലെ ദാവണ്‍ഗെരേയിലേക്ക് തിരിച്ചു. അവിടെ സഹോദരന്‍ സണ്ണി, കസിന്‍സായ ജോര്‍ജ്, ഡേവിസ് എന്നിവര്‍ ഒരു തീപ്പെട്ടിക്കമ്പനി നടത്തുന്നുണ്ടായിരുന്നു. ക്രമേണ ആ കമ്പനിയില്‍ ഇന്നസെന്റ് സജീവമായി.

സിനിമയിലെ തുടക്കക്കാലത്ത് തന്നെ ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മാണ കമ്പനി ആരംഭിച്ചു. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുമ്പേ, ഓര്‍മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. നിര്‍മാണരംഗത്ത് സാമ്പത്തികമായി രക്ഷപ്പെടാന്‍ അദ്ദേഹത്തിനായില്ല. 1982-ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം ഓര്‍മയ്ക്കായി ഇന്നസെന്റിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായി. തൃശ്ശൂര്‍ ഭാഷയില്‍ ഇന്നസെന്റ് ആദ്യമായി സംസാരിക്കുന്നത് ഈ ചിത്രത്തിലായിരുന്നു. തനി തൃശ്ശൂരുകാരനായ റപ്പായിയായി ഇന്നസെന്റ് അരങ്ങുതകര്‍ത്തു. പിന്നീട് ഇന്നസെന്റിന് വിശ്രമിക്കേണ്ടി വന്നിട്ടില്ല. സിനിമയിലെ തൃശ്ശൂര്‍ സ്ലാങ്ങെന്നാല്‍ ഇന്നസെന്റ് എന്നായി. സിനിമകളില്‍ ഇന്നസെന്റുമായി ഏറ്റവും രസതന്ത്രമുണ്ടായിരുന്ന അഭിനേത്രി കെ.പി.എ.സി. ലളിതയായിരുന്നു. മലയാള സിനിമയിലെ ജനപ്രിയ ജോഡികളായിരുന്നു ഇവര്‍.

മാലാമാല്‍ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) എന്നീ അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. സത്യന്‍ അന്തിക്കാടിന്റെ മഴവില്‍ കാവടി എന്ന സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പത്താം നിലയിലെ തീവണ്ടി എന്ന സിനിമയിലെ അഭിനയത്തിന് 2009-ല്‍ കേരള സംസ്ഥാന ക്രിട്ടിക് പുരസ്‌കാരം ലഭിച്ചു.

പ്രേംനസീറിനെ കാണ്മാനില്ല, കാതോടു കാതോരം, അയനം, രേവതിക്കൊരു പാവക്കുട്ടി, ധീം തരികിട ധോം, നാടോടിക്കാറ്റ്, കടിഞ്ഞൂല്‍ കല്യാണം, മിമിക്സ് പരേഡ്, പൂക്കാലം വരവായി, ഉള്ളടക്കം, കനല്‍ക്കാറ്റ്, ഉത്സവമേളം, മക്കള്‍ മാഹാത്മ്യം, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, മണിച്ചിത്രത്താഴ്, മഴവില്‍ക്കാവടി, കിലുക്കം, കാബൂളിവാല, ഗോഡ്ഫാദര്‍, റാംജി റാവു സ്പീക്കിംഗ്, മാന്നാര്‍ മത്തായി സ്പീക്കിംഗ്, ഇഞ്ചക്കാടന്‍ മത്തായി ആന്‍ഡ് സണ്‍സ്, കോട്ടയം കുഞ്ഞച്ചന്‍, ദേവാസുരം, കിലുക്കം, മിഥുനം, നമ്പര്‍ 20 മദ്രാസ് മെയില്‍, ഡോക്ടര്‍ പശുപതി, പൊന്‍മുട്ടയിടുന്ന താറാവ്, മൈ ഡിയര്‍ മുത്തച്ഛന്‍, വിയറ്റ്നാം കോളനി, ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം, കിഴക്കന്‍ പത്രോസ്, പവിത്രം, പിന്‍ഗാമി, പൈ ബ്രദേഴ്സ്, തൂവല്‍കൊട്ടാരം, അഴകിയ രാവണന്‍, ചന്ദ്രലേഖ, അയാള്‍ കഥയെഴുതുകയാണ്, കുടുംബ കോടതി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കാക്കക്കുയില്‍, ചിന്താവിഷ്ടയായ ശ്യാമള, ഹരികൃഷ്ണന്‍സ്, വിസ്മയം, രാവണപ്രഭു, ഹിറ്റ്ലര്‍, സ്നേഹിതന്‍, മനസ്സിനക്കരെ, കല്യണരാമന്‍, നന്ദനം, വെട്ടം, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വേഷം, തസ്‌കര വീരന്‍, ക്രോണിക്ക് ബാച്ചിലര്‍, തുറുപ്പുഗുലാന്‍, രസതന്ത്രം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്, ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏക്കാലവും മലയാളികളുടെ മനസ്സില്‍ നിന്ന്്് മായാതെ നില്‍ക്കും.


2022-ല്‍ പുറത്തിറങ്ങിയ ‘മകള്‍’, ‘കടുവ’ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ഇന്നസെന്റ് ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അവസാനമായി അദ്ദേഹം അഭിനയിച്ചു.

ശ്രീ. ഇന്നസെന്റ്ന്റെ മൃതശരീരം പൊതുദർശന സമയ ക്രമീകരണം : കാലത്തു 8 മുതൽ 11 മണിവരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതൽ 3.30 വരെ ഇരിഞ്ഞാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് സ്വവസതിയായ പാർപ്പിടത്തിൽ പൊതു ദർശനത്തിനു വെക്കുന്നതും സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സെന്റ് തോമസ് കത്രീഡൽ ദേവാലയത്തിൽ നടത്തുന്നതും ആയിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *