Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഇന്നസെന്റിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി…

കൊച്ചിയില്‍ പൊതുദര്‍ശനത്തിന് വന്‍ജനപ്രവാഹം, വിലാപയാത്ര 12 മണിക്ക് ശേഷം ഇരിങ്ങാലക്കുടയിലേക്ക് പുറപ്പെടും, ഇരിങ്ങാലക്കുടയില്‍ വന്‍ജനക്കൂട്ടം കാത്തുനില്‍ക്കുന്നു

അനുശോചിച്ച് പ്രധാനമന്ത്രിയും …

കൊച്ചി: ഇന്നലെ വിടവാങ്ങിയ ചിരിയുടെ ചക്രവര്‍ത്തി, ഇതിഹാസതാരം ഇന്നസെന്റിനെ ഒരുനോക്കുകാണാനും, അന്ത്യോപചാരം അര്‍പ്പിക്കാനും കലാ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയില്‍ നിന്ന് ആയിരങ്ങളെത്തി. 12 മണിവരെയാണ് പൊതുദര്‍ശനമെങ്കിലും സമയം ഇനിയും നീളും. കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഇന്നസെന്റിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിന് കിടത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ 3 മണിയോടെ ഇന്നസെന്റിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് എത്തിക്കും.

ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ആയിരങ്ങള്‍ ഇന്നസെന്നിനെ അവസാനമായി ഒരു നോക്കുകാണാന്‍ കാത്തുനില്‍ക്കുന്നു. നാല് മണിയോടെ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ ‘പാര്‍പ്പിടം’ ത്തില്‍ പൊതുദര്‍ശനം. നാളെ രാവിലെ ഒന്‍പതര മണിക്കായിരിക്കും ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കുക. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുദര്‍ശനത്തില്‍ സിനിമ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിലെ അടക്കം നൂറുകണക്കിന് ആളുകള്‍ രാവിലെമുതല്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നുണ്ട്. മന്ത്രിമാരായ പി.രാജീവ്, ആര്‍.ബിന്ദു, കെ.രാജന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. മരണവിവരമറിഞ്ഞ് താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങിയവര്‍ ആശുപത്രിയിലെത്തി.

താരസംഘടനയായ അമ്മയുടെ ഭാരവാഹികളും ഒപ്പമുണ്ട്. മുഴുവന്‍ ആളുകള്‍ക്കും ഇവിടെ തന്നെ അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. നാളെ രാവിലെ ഒന്‍പതരക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. സെമിത്തേരിയില്‍ മാതാപിതാക്കളുടെ കല്ലറയ്ക്ക് സമീപമാണ് ഇന്നസെന്റിനായി ഒരുക്കിയിരിക്കുന്ന കല്ലറ. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ഇന്നസെന്റിനെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്മോ പിന്തുണയിലാണ് ഇന്നസെന്റിന്റെ ചികിത്സ തുടര്‍ന്നിരുന്നത്. രണ്ട് തവണ അര്‍ബുദത്തെ അതിജീവിച്ച അദ്ദേഹത്തിന് തുടര്‍ച്ചയായി കൊവിഡ് ബാധിച്ചിരുന്നു.

ഇതേ തുടര്‍ന്നുള്ള ന്യൂമോണിയ ആണ് ആരോഗ്യാവസ്ഥ ഗുരുതരമാക്കിയത്. 2013-ല്‍ ഇന്നസെന്റിന് കാന്‍സര്‍ രോഗം പിടിപ്പെട്ടിരുന്നു. എന്നാല്‍ കൃത്യമായ ചികിത്സയിലൂടെ ഇന്നസെന്റ് ജീവിതത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. തുടര്‍ന്ന് കാന്‍സര്‍ കാലത്തെ അനുഭവങ്ങളെക്കുറിച്ച് ”കാന്‍സര്‍ വാര്‍ഡിലെ ചിരി” എന്ന പുസ്തകം അദ്ദേഹം എഴുതിയിരുന്നു.
ഇന്നസെന്റിന്

അരികെ നിന്ന് മാറാതെ മമ്മൂട്ടി

കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മുതല്‍ മമ്മൂട്ടി ഉണ്ടായിരുന്നു. ഇപ്പോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും അദ്ദേഹം എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ആണ് മമ്മൂട്ടി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നത്. ശേഷം മടങ്ങിയ മമ്മൂട്ടി ഇന്നസെന്റിന്റെ വിയോഗം അറിഞ്ഞ് തിരികെ ആശുപത്രിയില്‍ എത്തുകയും ഏറെ സമയം ഇവിടെ സമയം ചെലവഴിക്കുകയും ചെയ്തിരുന്നു.

ധീരതയോടെ കാന്‍സറിനെ വെല്ലുവിളിച്ച് ജീവിച്ച മനുഷ്യനാണ് ഇന്നസെന്റ്: എം.വി.ഗോവിന്ദന്‍

കേരളീയ സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ധീരതയോടെ കാന്‍സറിനെ വെല്ലുവിളിച്ച് ജീവിച്ച്, രാജ്യത്തെമ്പാടുമുള്ള മനുഷ്യര്‍ക്ക് വലിയ സന്ദേശം നല്‍കിയ നടനായിരുന്നു അദ്ദേഹം. പോസിറ്റീവ് എനര്‍ജി എങ്ങനെ രൂപപ്പെടുത്താം എന്നതിന് ഇന്നസെന്റിന്റെ വരികളും നര്‍മ്മത്തില്‍ പൊതിഞ്ഞ അദ്ദേഹത്തിന്റെ രചനകളും വളരെയേറെ ശ്രദ്ദേയമായിരുന്നെന്നും ഗോവിന്ദന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *