കൊച്ചി: ഇന്നലെ ഹോട്ടലില്‍ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോയും, സുഹൃത്തുക്കളും ഇറങ്ങിയോടി. ഡി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായാണ് ഡാന്‍സാഫ് സംഘം സ്വകാര്യ ഹോട്ടലില്‍ ഇന്നലെ അര്‍ധരാത്രിയോടെ പരിശോധനയ്‌ക്കെത്തിയത്.
ഹോട്ടലിലെ മൂന്നാമത്തെ നിലയിലെ മുറിയില്‍ നിന്നാണ് ഷൈന്‍ ഇറങ്ങിയോടിയത്. ഡാന്‍സാഫിന്റെ കൊച്ചി യുണീറ്റാണ് പരിശോധനക്കെത്തിയത്. അഞ്ചിലധികം പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു.
മുറിയിലേക്ക് പരിശോധനക്കെത്തുന്നതിനിടെ ജനല്‍വഴി താഴേക്കിറങ്ങി റിസപ്ഷന്‍ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹോട്ടലില്‍ ലഹരി ഉപയോഗമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് പരിശോധനക്കെത്തിയത്. കൊച്ചി നാര്‍ക്കോട്ടിക്‌സ് എസിപിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്. ഷൈനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.