കൊച്ചി : കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.
കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി അന്വേഷണ മേല്‍നോട്ടം വഹിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ടുകള്‍ ഡി.ഐ.ജിക്ക് കൈമാറണം. അന്വേഷണ സംഘം അന്വേഷണത്തിലെ പുരോഗതി ഹര്‍ജിക്കാരിയെ അറിയിക്കണം. ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ എസ.്ഐ.ടി അന്വേഷിക്കണം. കെട്ടിത്തൂക്കിയതാണോ എന്നും എസ്.ഐ.ടി പരിശോധിക്കണം. അന്വേഷണത്തിന് ശേഷം ഡ്രഫാറ്റ് ഫൈനല്‍ റിപ്പാര്‍ട്ട് ഡി.ഐ.ജിക്ക് മുമ്പില്‍ നല്കി അപ്രൂവല്‍ വാങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍ കോടതി വിധിയില്‍ തൃപ്തിയില്ലെന്നും അപ്പീലുമായി ഡിവിഷന് ബെഞ്ചിനെ സമീപിക്കുമെന്നും ഭാര്യ മഞ്ജുഷ വ്യക്തമാക്കി. കാര്യങ്ങളെല്ലാം കോടതിയെ ബോധിപ്പിച്ചിരുന്നു.ഇത് പ്രതീക്ഷിച്ച വിധിയല്ലെന്നും മഞ്ജുഷയും നവീന്‍ ബാബുവിന്റെ സഹോദരന് പ്രവീണ്‍ ബാബുവും പ്രതികരിച്ചു.
സി.പി.എം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ പ്രതിയായ കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹര്‍ജിയിലെ ആക്ഷേപം. നവീന്‍ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം നിലപാടെടുത്തിരുന്നു. എന്നാല്‍ അന്വേഷണം നേരായ വഴിക്കാണെന്നും ആത്മഹത്യയെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐയും കോടതിയെ അറിയിച്ചിരുന്നു.