തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. ഒരു മാസത്തോളം നീണ്ടുനിന്ന നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് അജിത്കുമാറിനെതിരെ നടപടിയുണ്ടായിരിക്കുന്നത്.
ഇന്ന് രാത്രിയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്ന ഉത്തരവ് പുറത്തിറങ്ങിയത്. രഹസ്യാന്വേഷണ വിഭാഗം എ.ഡി.ജി.പി മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല നല്‍കി. അജിത്കുമാര്‍ പൊലീസ് ബറ്റാലിയന്റെ ചുമതല തുടരും.
ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് രാത്രിയോടെ നടപടിയെടുത്തുകൊണ്ട് ഉത്തരവിറങ്ങിയത്. രാത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയേറ്റിലെത്തി മടങ്ങിയതിന് ശേഷമായിരുന്നു തിരക്കിട്ട് ഉത്തരവ് പുറത്തിറക്കിയത്.