അമൃത്സര്‍: സുവര്‍ണക്ഷേത്രത്തിനുള്ളില്‍ അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദലിന് നേരെ വധശ്രമം. ക്ഷേത്രത്തിനുള്ളില്‍വച്ച് അക്രമി ബാദലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ വെടിയുണ്ട ദേഹത്ത് പതിക്കുന്നത് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇടപെട്ട് തടഞ്ഞു. തലനാരിഴയ്ക്കാണ് ബാദല്‍ രക്ഷപ്പെട്ടത്.
രാവിലെ ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തില്‍ വെച്ചായിരുന്നു ആക്രമണം.
സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് രാവിലെ സുവര്‍ണ ക്ഷേത്രത്തില്‍ മതപരമായ ചടങ്ങുകള്‍ നടക്കുകയായിരുന്നു.സുഖ്ബീര്‍ സിങിന്റെ സമീപത്ത് നിന്നാണ് വെടിവെയ്പ്പുണ്ടായത്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിനരികില്‍ വീല്‍ ചെയറില്‍ ഇരിക്കുകയായിരുന്ന സുഖ്ബീര്‍ സിങിനുനേരെ പെട്ടെന്ന് വെടിയുതിര്‍ക്കുകയായിരുന്നു.
പ്രവേശന കവാടത്തിന്റെ ചുവരിലാണ് വെടിയുണ്ടകള്‍ ചെന്നു പതിച്ചതെന്നും ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വെടിവെയ്പ്പുണ്ടായെങ്കിലും സുഖ്ബീര്‍ സിങ് സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു
നാരായണ്‍സിംഗ് എന്നയാളാണ് വെടിയുതിര്‍ത്തതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ ചേര്‍ന്നാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. ആക്രമണത്തിന്റെ പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. നാരായണ്‍സിംഗിന് ഖാലിസ്ഥാന്‍ ബന്ധമുണ്ട്.
സുവര്‍ണക്ഷേത്രത്തില്‍ സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് വിധിച്ച മതശിക്ഷ അനുഭവിച്ചുവരികയായിരുന്നു സുഖ്ബീര്‍ സിങ് ബാദല്‍. 2007 മുതല്‍ക്കുള്ള പത്ത് വര്‍ഷ കാലയളവില്‍ അകാലിദള്‍ സര്‍ക്കാര്‍ ചെയ്ത മതപരമായ തെറ്റുകള്‍ക്കുള്ള ശിക്ഷയാണ് ബാദല്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. ഗുരുദ്വാരകളിലെ അടുക്കളകളും ശുചിമുറികളും വൃത്തിയാക്കണം എന്നതായിരുന്നു ശിക്ഷ. കൂടാതെ സുവര്‍ണക്ഷേത്രത്തിന് കഴുത്തില്‍ പ്ലക്കാര്‍ ധരിച്ച്, കയ്യില്‍ കുന്തം പിടിച്ച്, കാവല്‍ നില്‍ക്കാനും അകാല്‍ തഖ്ത് വിധിച്ചിരുന്നു.