തൃശൂര്‍: ഉള്ളുലയ്ക്കുന്ന കാഴ്ചകളായിരുന്നു സെന്റ് ക്ലയേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍. പീച്ചി ഡാമിലെ റിസര്‍വോയറില്‍ വീണ് മരിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അലീനയുടെ ഭൗതിക ശരീരം സ്‌കൂളില്‍ ഉച്ചയോടെയാണ് പൊതുദര്‍ശനത്തിനെത്തിച്ചത്. ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്നും 12.45 ഓടെ അലീനയുടെ മൃതദേഹം വഹിച്ച ആംബലന്‍സ് എത്തിയതോടെ മൂകശോകമായ സ്‌കൂള്‍ അങ്കണത്തില്‍ പൊട്ടിക്കരച്ചിലുകള്‍ മുഴങ്ങി.
അലീന പഠിച്ച ക്ലാസ് മുറിയുടെ മുന്നിലായിരുന്നു പൊതുദര്‍ശനം. നിറഞ്ഞ ചിരിയുമായി ക്ലാസിലേക്ക് കടന്നുവരുന്ന അലീന ഇനി ഓര്‍മകളില്‍ മാത്രമെന്ന തിരിച്ചറിവില്‍ കൂട്ടുകാരികളുടെ വാവിട്ട് കരച്ചില്‍ കാഴ്ചക്കാരുടെയെല്ലാം കണ്ണുനനയിച്ചു. .
വിതുമ്പലടക്കിയാണ് സഹപാഠികളും, അധ്യാപകരും നിശ്ചലയായി കിടന്ന അലീനയെ അവസാനമായി ഒരു നോക്കുകണ്ടത്. പത്ത് മിനിറ്റ് മാത്രമായിരുന്നു പൊതുദര്‍ശനം.
കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, മേയര്‍ എം.കെ.വര്‍ഗീസ്, ഡെപ്യൂട്ടി മേയര്‍ എം.എല്‍.റോസി, ഹെഡ് മിസ്ട്രസ് അടക്കം പ്രമുഖര്‍ റീത്ത് അര്‍പ്പിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് അലീനയുടെ അന്ത്യം. അനുശോചിച്ച് ഇന്ന് സ്‌കൂളിന് അവധിയായിരുന്നു. എങ്കിലും നൂറുകണക്കിന് വിദ്യാര്‍ത്ഥിനികളാണ് പ്രിയ കൂട്ടുകാരിക്ക് അവസാനമായി വിടയേകാന്‍ എത്തിയത്. അപകടത്തില്‍ പരിക്കേറ്റ് രക്ഷപ്പെട്ട ഹിമയും ഹിമയുടെ അമ്മയും അലീനയെ കാണാന്‍ സ്‌കൂളില്‍ എത്തി.