തൃശൂർ : ആധുനിക നഗര വികസന പദ്ധതികള്‍ക്കായി മെട്രോപൊളിറ്റന്‍ പ്ലാനിംഗ് കമ്മിറ്റി രൂപീകരിക്കണമെന്ന് മേയേഴ്സ് കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊച്ചിയിലും തിരുവനന്തപുരത്തും ആദ്യം എംപിസി രൂപീകരിക്കണം. വളരുന്ന നഗരങ്ങള്‍ക്കനുസൃതമായി ആധുനിക പദ്ധതികള്‍ രൂപീകരിക്കാന്‍ എംപിസി അനിവാര്യമാണ്. അതിനനുസൃതമായ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം കഴിഞ്ഞ 24-ന് സമര്‍പ്പിച്ച എല്ലാ ബില്ലുകളും ഈ വര്‍ഷത്തെ പദ്ധതി ചെലവായി പരിഗണിക്കണം. ഉള്‍പ്പെടുത്താത്ത ബില്ലുകള്‍ അടുത്ത വര്‍ഷത്തെ ക്യൂ ലിസ്റ്റിലേക്ക് മാറ്റരുത്. കൊല്ലം, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലേക്ക് ആവശ്യമായ തസ്തിക അനുവദിക്കണം. ഒരു വര്‍ഷത്തേയ്ക്ക് ഫിനാന്‍സ് മാനേജര്‍, ടൗണ്‍ പ്ലാനര്‍, ലീഗല്‍ അഡ്വൈസര്‍, ഐടി മാനേജര്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ എന്നീ ആറ് തസ്തികകളിലേക്ക് നിയമനം നടത്താന്‍ കോര്‍പ്പറേഷനുകള്‍ക്ക് അനുമതി നല്കണം. ഇതുള്‍പ്പെടെ കേരളത്തിലെ അര്‍ബന്‍ കമ്മീഷന് നല്കിയ ശുപാര്‍ശകള്‍ നടപ്പാക്കണം. കോര്‍പ്പറേഷന്‍ തനത് ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ക്ക് ഡിപിസി അംഗീകാരം വാങ്ങണമെന്ന വ്യവസ്ഥ ഒഴിവാക്കണം. സര്‍ക്കാരിന് ബാധ്യതയില്ലാത്ത വിധം കോര്‍പ്പറേഷനുകള്‍ക്ക് ബാങ്കുകളില്‍ നിന്ന് കടം എടുക്കാന്‍ അനുവദിക്കണം. മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ജീവനക്കാരെ ആവശ്യാനുസരണം നിയമിക്കാന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് മേയേഴ്സ് കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് തീരുമാനിച്ചത്.
ആകാശപ്പാത, പീച്ചി ഫ്ളോട്ടിംഗ് പമ്പ് എന്നിവ മേയര്‍മാര്‍ സന്ദര്‍ശിച്ചു.
എം. കെ.