Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ അമേരിക്കന്‍ മോഡല്‍ വെടിവെയ്പ്, പൂര്‍വവിദ്യാര്‍ത്ഥി പിടിയില്‍

തൃശൂര്‍ :  വിവേകോദയം ഹയര്‍ സെക്കന്‍ഡറി  സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ത്ഥി നടത്തിയ അമേരിക്കന്‍ മോഡല്‍ അക്രമം വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും പരിഭ്രാന്തിയിലാഴ്ത്തി. എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത മുളയം സ്വദേശി ജഗനെ (18) നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. 2021-23 കാലയളവില്‍ പ്ലസ് ടു പഠനത്തിനാണ് ജഗന്‍ വിവേകോദയം സ്‌കൂളില്‍ എത്തിയത്. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ അധ്യാപകരുമായി തര്‍ക്കിച്ച് ജഗന്‍ കഴിഞ്ഞ വര്‍ഷം പ്ലസ് ടു പഠനം നിര്‍ത്തിയിരുന്നു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സ്‌കൂള്‍ വളപ്പിലെ സൈക്കിളുകള്‍ മറിച്ചിട്ട ശേഷമാണ് ഇയാള്‍ സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. രണ്ട് അധ്യാപകരുടെ പേരുകള്‍ ചോദിച്ചു. താന്‍ മറന്നുവെച്ച തൊപ്പിയെക്കുറിച്ചും ആരാഞ്ഞു. തുടര്‍ന്ന് ഇയാള്‍ ബാഗില്‍ നിന്ന് തോക്കെടുത്തു. അധ്യാപകരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി.  പിന്നീട്  ഒന്നാം നിലയിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ മൂന്ന് ക്ലാസ് മുറികളില്‍ കയറി. രണ്ട് അധ്യാപകരുടെ പേര് ചോദിച്ചാണ് ക്ലാസ് മുറികളില്‍ കയറിയത്.
വെടിയുതിര്‍ക്കുന്നതെങ്ങനെയെന്ന് ഇയാള്‍ വിദ്യാര്‍ത്ഥികളെ കാണിച്ചു. തോക്കെടുത്ത് മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു. ബഹളത്തിനിടെ
ഒന്നാം നിലയില്‍ നിന്ന് പാരപ്പറ്റിലേക്ക് ചാടി താഴെയെത്തി മതില്‍ ചാടി  ഓടുന്നതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.

യുവാവ് വെടിവയ്പ് നടത്തിയത് ബേബി എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് സ്ഥിരീകരണം. 1,500 രൂപ വില വരുന്ന ബേബി എയര്‍ പിസ്റ്റള്‍ 177 വാങ്ങിയത്  സെപ്തംബര്‍ 28 ന് അരിയങ്ങാടിയിലെ ട്രിച്ചൂര്‍ ഗണ്‍ ബസാറില്‍ നിന്നാണ്. പലപ്പോഴായി അച്ഛനില്‍ നിന്ന് വാങ്ങി സ്വരുക്കൂട്ടിവെച്ച പണം ഉപയോഗിച്ചാണ് തോക്ക് വാങ്ങിയതെന്നാണ് ഇയാള്‍ നല്‍കിയ മൊഴി.  യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. 2020 മുതല്‍ ഇയാള്‍  മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നാണ് യുവാവിന്റെ മാതാപിതാക്കള്‍ പറയുന്നത്. അടുത്ത ദിവസങ്ങളിലായി മകന്‍ മരുന്ന് കഴിക്കാറുണ്ടായിരുന്നില്ലെന്ന് ജഗന്റെ പിതാവ് പറയുന്നു. മുളയത്ത്് ഒരു ക്ഷേത്രത്തിലെ ജീവനക്കാരനാണ് ജഗന്റെ പിതാവ്. ജഗന്റെ സഹോദരി വിവാഹിതയാണ്. ജഗന്‍ സ്‌കൂള്‍ കത്തിക്കുമെന്ന്് ഭീഷണിപ്പെടുത്തിയെന്നും അധ്യാപകര്‍ പറയുന്നു. സ്‌കൂളില്‍ നിന്ന് പാതി വഴിയില്‍ പഠനം ഉപേക്ഷിച്ച് പോയ വിദ്യാര്‍ത്ഥിയാണ് ജഗനെന്നാണ്  സ്‌കൂളിലെ അധ്യാപിക വിശദീകരിക്കുന്നത്. സ്‌കൂള്‍ അധികൃതര്‍ തന്റെ ഭാവി നശിപ്പിച്ചെന്ന് പറഞ്ഞായിരുന്നു നിറയൊഴിച്ചതെന്നും  അധ്യാപിക വിശദീകരിച്ചു. 2021-ല്‍ ഒരു വര്‍ഷം സ്‌കൂളില്‍ വന്നിരുന്നു. പിന്നെ സ്‌കൂളില്‍ വന്നില്ല. പരീക്ഷയെഴുതാനും വന്നില്ല. തോക്ക് കണ്ടപ്പോഴാണ് പൊലീസിനെ അറിയിച്ചത്. സ്‌കൂളില്‍ നിന്നും പോകുന്ന വഴിയില്‍ വെച്ചും ക്ലാസ് റൂമില്‍ വെച്ചും നിറയൊഴിച്ചു. പക്ഷേ കുട്ടികള്‍ക്ക് നേരെയൊന്നും നിറയൊഴിച്ചിട്ടില്ലെന്നു അധ്യാപക വിശദീകരിച്ചു.

>

Leave a Comment

Your email address will not be published. Required fields are marked *