തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും, കൊടകര കുഴല്‍പ്പണക്കേസും തമ്മില്‍ ബന്ധമുണ്ടെന്ന് കെ.പി.സി.സി നിര്‍വ്വാഹകസമിതി അംഗം അനില്‍ അക്കര പത്രസമ്മേളനത്തില്‍ ആരോപിച്ചു. കൊടകര കുഴല്‍പ്പണക്കേസിലെ രണ്ട് പ്രതികള്‍ക്ക് കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മറ്റൊരാളിന്റെ ഭൂമി അവര്‍ അറിയാതെ ഈട് നല്‍കി വായ്പ നല്‍കി. കരുവന്നൂരുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ അന്വേഷണപരിധിയിലുള്ള ബാങ്കുകളില്‍ ഒന്നാണ് കുട്ടനെല്ലൂര്‍ ബാങ്കും.
കേസിലെ മൂന്നാംപ്രതി രഞ്ജിത്, ഭാര്യ ദീപ്തി എന്നിവരാണ് തട്ടിപ്പിന്റെ ഭാഗമായത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സതീഷ്‌കുമാറാണ് ഈ വായ്പയുടേയും ഇടനിലക്കാരന്‍. കൊടകര കുഴല്‍പ്പണക്കേസിലെ മറ്റൊരു പ്രതിയായ ദീപക്കിന്റെ സഹോദരിയാണ് ദീപ്തി. ബാങ്കിന്റെ പ്രവര്‍ത്തനപരിധിക്ക് പുറത്താണ് ഈ വായ്പ അനുവദിക്കല്‍. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുബ്രഹ്‌മണ്യന്‍ മറ്റ് മൂന്ന് പേര്‍ക്കൊപ്പം വാങ്ങിയ ഭൂമി അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ സുഭദ്രയുടേയും മക്കളുടേയും ഷെയറായി മാറി. ഭൂമി വില്‍പ്പന നടത്തി അവരുടെ ഷെയര്‍ നല്‍കാമെന്നും മുന്‍കൂറായി പണം ലഭിക്കാന്‍ ഭൂമി പണയം വെയ്ക്കാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. കുറച്ചുതുക ആദ്യം നല്‍കിയെങ്കിലും പിന്നീട് ഒന്നും നല്‍കിയില്ല. വളരെ വൈകിയാണ് രണ്ടര കോടി രൂപയുടെ ബാധ്യത ഭൂമിയില്‍ വന്നതായി അറിയുന്നതെന്നും കുന്നംകുളം പോലീസില്‍ സുഭദ്ര നല്‍കിയ പരാതിയില്‍ പറയുന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കരുവന്നൂര്‍ അന്വേഷണത്തില്‍ നിന്നും പിന്‍മാറാനുള്ള പരവതാനി വിരിക്കുന്നതിനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്ന് അനില്‍ അക്കര ആരോപിച്ചു. മുഖ്യമന്ത്രിയും കേരള ബാങ്ക് വൈസ് പ്രസിഡന്റും കേസില്‍ ഇ.ഡി ചോദ്യം ചെയ്യലിന് വിധേയനായ എം.കെ കണ്ണനും തമ്മില്‍ കഴിഞ്ഞയാഴ്ച്ച രാമനിലയത്തില്‍ നടന്ന ചര്‍ച്ച കേസില്‍ അറസ്റ്റിലായ കിരണ്‍, ജില്‍സ് എന്നിവരുടെ ബാധ്യതകള്‍ തീര്‍ക്കുന്നതിനു വേണ്ടിയാണ്. ഇത് തീര്‍ത്താല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതിയെ സമീപിച്ച് റദ്ദാക്കാന്‍ കഴിയും. അതോടെ കേസില്‍ നിന്നും ഇ.ഡിയ്ക്ക് സ്വയമേവ പിന്‍മാറേണ്ടി വരും. കരുവന്നൂര്‍ അന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാന്‍ യു.ഡി.എഫ് തടസ്സ ഹര്‍ജികള്‍ ഫയല്‍ ചെയ്യും. ഇ.ഡിയുടെ അന്വേഷണത്തില്‍ സംശയങ്ങളുണ്ട്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എ.സി മൊയ്തീനെ അറസ്റ്റ് ചെയ്യാത്തത് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.