കൊച്ചി: തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ അപ്പര്‍ കോതയാര്‍ മേഖലയില്‍ മുത്തുക്കുളി വനത്തില്‍ തുറന്നുവിട്ടു. അരിക്കൊമ്പനെ തുറന്നുവിട്ടതായി തമിഴ്നാട് മുഖ്യവനപാലകന്‍ ശ്രീനിവാസ് റെഡ്ഢി സ്ഥിരീകരിച്ചു. ചികിത്സ ലഭ്യമാക്കിയശേഷം ഉള്‍കാട്ടിലേക്ക് തുറന്നുവിട്ടുവെന്നാണ് തമിഴ്നാട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആദ്യം പറഞ്ഞത്. തുമ്പികൈയിലെയും കാലിലെയും മുറിവുകള്‍ക്ക് ചികിത്സ നല്‍കിയശേഷമാണ് ജനവാസമില്ലാത്ത മേഖലയില്‍ ആനയെ തുറന്നുവിട്ടത്. നിലവില്‍ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.
ചിന്നക്കനാലില്‍ ഏറെക്കാലം ഭീതിപരത്തിയ അരിക്കൊമ്പനെ കമ്പത്തുനിന്ന് പിടികൂടിയശേഷം കഴിഞ്ഞ ദിവസാണ് ഇരുനൂറോളം കിലോമീറ്റര്‍ അകലെ തിരുനെല്‍വേലി ജില്ലയിലെ കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തില്‍ എത്തിച്ചത്. കമ്പം, തേനി, മധുര, വിരുദുനഗര്‍, തിരുനെല്‍വേലി, കല്ലടകുറിച്ചി വഴി വൈകീട്ട് അഞ്ചോടെയാണ് അരിക്കൊമ്പനെ കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലേക്ക് എത്തിച്ചത്. പാതയോരങ്ങളിലെല്ലാം കാഴ്ചക്കാര്‍ ഏറെയായിരുന്നു. തുമ്പിക്കൈ ലോറിയില്‍ ചുറ്റിപ്പിടിച്ചു നിന്ന ആന ക്ഷീണിതനായിരുന്നു. മാഞ്ചോലയ്ക്കു പോകുന്ന ഭാഗത്തെ മണിമുത്താര്‍ ഡാം വനംവകുപ്പ് ചെക്‌പോസ്റ്റ് വരെ മാത്രമേ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനമുണ്ടായിരുന്നുള്ളൂ. ഇവിടെ പോലീസ് സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്തിരുന്നു.
മദ്രാസ് ഹൈക്കോടതി സ്റ്റേ ഉള്ളതിനാല്‍ അരിക്കൊമ്പനെ തുറന്ന് വിടുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. കൊച്ചി സ്വദേശി റെബേക്ക ജോര്‍ജിന്റെ ഹര്‍ജിയിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ. ഹര്‍ജി കോടതി വീണ്ടും ഇന്ന്് പരിഗണിക്കും. അതേസമയം, ഉദ്യോഗസ്ഥര്‍ തമ്മില്‍ ആശയവിനിമയം നടന്നതായും അരിക്കൊമ്പനെ തുറന്ന് വിട്ടത് തമിഴ്‌നാട് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മന്ത്രി ശശീന്ദ്രന്‍ വ്യക്തമാക്കി.