ബംഗളൂരു: ഗംഗാവാലിപുഴയില്‍ നീണ്ട 72 ദിവസത്തിന് ശേഷം അര്‍ജുന്റെ മൃതദേഹം കണ്ടെത്തി. ട്രക്കിന്റെ കാബിനുള്ളിലായിരുന്നു മൃതദേഹം. ഷിരൂരില്‍ തെരച്ചിലിനിടെ ഗംഗാവലിപ്പുഴയില്‍നിന്ന് അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയിരുന്നു. ഡി.എന്‍.എ പരിശോധന കൂടാതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ക്രെയിന്‍ ഉപയോഗിച്ച് ലോറി കരയ്ക്ക് എത്തിക്കാന്‍ ശ്രമം തുടരുന്നു. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ലോറി കാണാതായത് ജൂലായ് 16നായിരുന്നു. ഗംഗാവലി പുഴയില്‍ സിപി 2 വില്‍ 12 മീറ്റര്‍ ആഴത്തിലാണ് ലോറി കണ്ടെത്തിയത്.
അര്‍ജുന്റെ വാഹനമാണ് ലഭിച്ചതെന്ന് വാഹന ഉടമ മനാഫ് സ്ഥിരീകരിച്ചു. വാഹനത്തില്‍ മൃതദേഹം ഉണ്ടെന്ന് കാര്‍വാര്‍ എം.എല്‍.എയും സ്ഥിരീകരിച്ചു. സിപി-2 എന്ന പോയിന്റ് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് ലോറി കണ്ടെത്തിയത്. ട്രക്ക് പൂര്‍ണമായി കരയ്ക്ക് എത്തിച്ചിട്ടില്ല. ട്രക്കിന്റെ കാബിനിന്റെ ഭാഗമാണ് ലഭിച്ചിട്ടുള്ളത്.
രാവിലെ നടത്തിയ ഡ്രെഡ്ജിംഗിലാണ് ലോറി കണ്ടെത്തിയത്. പിന്നീട് വെള്ളം കുറഞ്ഞ സമയം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുകയായിരുന്നു. കാര്‍വാര്‍ എം.എല്‍.എ സതീഷ് സെയില്‍, കാര്‍വാര്‍ എസ്.പി നാരായണ എന്നിവര്‍ ഡ്രഡ്ജറിലുണ്ട്.
ഗംഗാവലിപ്പുഴയിലേക്ക് തെരച്ചില്‍ വ്യാപിപ്പിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതും പുഴയിലെ ഒഴുക്ക് വര്‍ധിച്ചതും തെരച്ചിലിന് തിരിച്ചടി ആയിരുന്നു. പിന്നീട് ഒഴുക്ക് കുറഞ്ഞതോടെ ഡ്രെഡ്ജര്‍ എത്തിച്ച് വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.