നിർധനരായ കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിന് പദ്ധതി സഹായകരമാകും
കൊച്ചി: ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സിന്റെ നേതൃത്വത്തിൽ ലോക ഹൃദയ ദിനത്തിൽ മാരത്തൺ സംഘടിപ്പിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി. ഒരു മാസം നീണ്ടുനിൽക്കുന്ന ‘ഹാർട്ട് ടു ഹാർട്ട് ക്യാംപയിന്റെ ഭാഗമായാണ് മാരത്തൺ സംഘടിപ്പിച്ചത്.
ഓരോ വ്യക്തിയും നടക്കുന്ന 10,000 ചുവടുകൾക്ക് ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ നിർധനരായ കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിന് 100 രൂപ എന്ന നിലയിൽ സംഭാവന ചെയ്യുന്നതാണ് ‘ഹാർട്ട് ടു ഹാർട്ട്’ പദ്ധതി. ഒക്ടോബര്‍ 16 വരെ നീണ്ടുനില്‍ക്കുന്ന ക്യാംപയിനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് heart2heart.astervolunteers.com ലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പദ്ധതിയിൽ പങ്കാളിയാകുന്ന ഓരോരുത്തരും നടക്കുന്ന ഓരോ ചുവടും നിരവധി കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ഉപകരിക്കാം.
ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടി കാട്ടി ‘റൺ എ മൈൽ’ , ബ്രിംഗ് എ സ്മൈൽ’ , ‘റൺ ഫോർ എ കോസ്’ എന്ന ആശയം ഉൾകൊണ്ടാണ് ആസ്റ്റര്‍ മെഡ്‌സിറ്റി മാരത്തൺ സംഘടിപ്പിച്ചത്. ക്വീൻസ് വാക്ക് വേയിൽ നടന്ന മാരത്തൺ കേരള പോലീസ് മുൻ ഡിജിപിയും, കെഎംആർഎൽ മാനേജിങ് ഡയറക്ടറുമായ ലോകനാഥ് ബെഹ്റ ഐപിഎസ്, ഫ്ളാഗ് ഓഫ് ചെയ്തു. ഹൃദയാരോഗ്യത്തിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും പ്രാധാന്യത്തെക്കുറിച്ച് ആസ്റ്റർ മെഡ്സിറ്റി ഇൻറർവെൻഷണൽ കാർഡിയോളജി, സീനിയർ കൺസൾട്ടന്റ് ഡോ. അനിൽ കുമാർ ആർ സംസാരിച്ചു. ഹാർട്ട് ടു ഹാർട്ട് ക്യാമ്പയിനിന്റെ പ്രസക്തിയെക്കുറിച്ച് ആസ്റ്റർ ഹോസ്പിറ്റൽസ്, കേരള ആൻഡ് ഒമാൻ ക്ലസ്റ്റർ റീജണൽ ഡയറക്ടർ ഫർഹാൻ യാസിൻ വിശദീകരിച്ചു.
മാരത്തണിലും, അനുബന്ധമായി നടന്ന ഫിറ്റ്നസ് ചലഞ്ചുകൾ, സുംബ എന്നിവയിലും സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട 300 ലധികം പേർ പങ്കെടുത്തു. മാരത്തണിന്റെ ഭാഗമായവർക്ക് സൗജന്യം ടീ ഷർട്ടും സർട്ടിഫിക്കറ്റും ആസ്റ്റർ മെഡ്‌സിറ്റി വിതരണം ചെയ്തു.