തൃശൂര്‍: പെരിങ്ങാവില്‍ ഓട്ടോറിക്ഷക്ക് തീപിടിച്ച് ഡ്രൈവര്‍ പൊളളലേറ്റ് മരിച്ചു. പെരിങ്ങാവ് മേലുവളപ്പില്‍ പരേതനായ രാമകൃഷ്ണന്‍ മകന്‍ പ്രമോദ് (47) ആണ് മരിച്ചത്. ഓട്ടോറിക്ഷയുടെ പിറകിലെ സീറ്റില്‍ കത്തിക്കരിഞ്ഞ നിലയിലാണ് പ്രമോദിനെ കണ്ടെത്തിയത്.ഗാന്ധിനഗര്‍ അരിവാള്‍പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഗാന്ധിനഗറില്‍ നിന്ന് അരകിലോമീറ്ററോളം ദൂരെ വിജനമായ പ്രദേശമാണിത്. ആത്മഹത്യയെന്നാണ് പോലീസിന്റെ നിഗമനം. നേരത്തെ തന്നെ പ്രമോദ് ഇവിടെ ഓട്ടോ പാര്‍ക്ക് ചെയ്തിരുന്നു. പെട്രോളുമായി പ്രമോദിനെ കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു. പെട്രോള്‍ ഒഴിച്ചായിരിക്കാം ഓട്ടോ കത്തിച്ചത്.
ഫയര്‍ഫോഴ്‌സ് എത്തിയാണ് തീകെടുത്തിയത്. വിയ്യൂര്‍ പോലീസും സംഭവസ്ഥലത്തെത്തി. സി.പി.എമ്മിന്റെ മുന്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് പ്രമോദ്. ഒരു വര്‍ഷം മുന്‍പാണ് പ്രമോദ് പുതിയ ഗ്യാസ് ഓട്ടോ വാങ്ങിയത്. പ്രമോദിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.