തൃശൂര്‍: പാറമേക്കാവിലമ്മയുടെ നടയിലെ അന്‍പത്തിയഞ്ചാം പിറന്നാളാഘോഷം പഞ്ചവാദ്യകലാകാരനായ ഗുരുവായൂര്‍ ഹരി എക്കാലവും ഓര്‍മ്മിക്കും. അണുവിട തെറ്റാതെ തിമിലയില്‍ അക്ഷരകാലങ്ങള്‍ അഭ്യസിപ്പിച്ച ഗുരു ഹരിക്ക് ശിഷ്യര്‍ നല്‍കിയത് മൂന്നരലക്ഷം വിലമതിക്കുന്ന പുതിയ ഓട്ടോറിക്ഷ. പാറമേക്കാവ് ക്ഷേത്ര നടയില്‍ നടന്ന ചടങ്ങില്‍ വാദ്യകുലപതികളായ കിഴക്കൂട്ട് അനിയന്‍ മാരാര്‍, പരയ്ക്കാട് തങ്കപ്പന്‍ മാരാര്‍ എന്നിവര്‍ ചേര്‍ന്ന് ഓട്ടോയുടെ താക്കോല്‍ ഗുരുവായൂര്‍ ഹരിക്ക് കൈമാറി. വര്‍ഷങ്ങളായി പാറമേക്കാവ് ദേവസ്വത്തിന്റെ കലാക്ഷേത്രത്തില്‍ തിമില വിഭാഗം അധ്യാപകനാണ് ഹരി. സജിത്ത്കുമാര്‍, ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് നമ്പൂതിരി, അരുണ്‍, സുധീഷ്, സനോത്, ജിതീഷ്, രമേശ് എന്നീ ശിഷ്യരാണ് ഗുരുദക്ഷിണ നല്‍കാന്‍ പണം മുടക്കി ഓട്ടോറിക്ഷ വാങ്ങിയത്. വാടകയ്ക്ക് എടുത്ത ഓട്ടോ ഓടിച്ചാണ് ഹരി കുടുംബജീവിതം നയിക്കുന്നത്. തിമിലയില്‍ അനായാസം ‘കാല’ങ്ങള്‍ കൊട്ടിക്കയറുന്ന ഹരിക്ക് ഇനിയുള്ള കാലം ഓട്ടോയും തുണയാകും.