കൊച്ചി : നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍. റിമാന്‍ഡിലായ പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കാക്കനാട് ജയിലിലേക്ക് മാറ്റി.
പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാകുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുളളത്. ലൈംഗികാതിക്രമം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് വ്യക്തമാക്കിയ കോടതി, പ്രതി വ്യാപാര പ്രമുഖനാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നുമുളള വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ച് റിമാന്‍ഡ് ചെയ്തത്.
വീഡിയോ ചേമ്പറില്‍ കണ്ടേക്കും. വീഡിയോ കാണുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചിരുന്നു. ഇലക്ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെന്ന്്് പ്രതിഭാഗം പറഞ്ഞു. അതിനാല്‍ മുഴുവന്‍ ദൃശ്യങ്ങളും കാണണമെന്നും പ്രതിഭാഗം പറഞ്ഞു. പ്രതിയ്ക്ക് ജാമ്യം അനുവദിച്ചാല്‍ സമൂഹമാധ്യമങ്ങളില്‍ മോശം പരാമര്‍ശം നടത്തുന്നവര്‍ക്ക് അതൊരു പ്രോത്സാഹനമാകുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് കൂടി തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
പല അഭിമുഖങ്ങളിലും ബോബി ചെമ്മണ്ണൂര്‍ മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതായി പ്രോസിക്യൂഷന്‍ പറഞ്ഞു. ലൈംഗിക ചുവയോടെ സ്ത്രീ ശരീരത്തെ വര്‍ണ്ണിക്കുന്നത് ലൈംഗിക അതിക്രമം തന്നെയാണ്. പ്രതി മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ജാമ്യം നല്‍കിയാല്‍ നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
ജാമ്യത്തില്‍ ഇറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന വാദവും അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം അംഗീകരിക്കരുതെന്ന വാദവും കോടതി അംഗീകരിച്ചു.
വൈദ്യപരിശോധനയില്‍ ബോബിയുടെ ആരോഗ്യനില തൃപ്തികരമെന്ന് കണ്ടെത്തിയിരുന്നു. ബോബിക്ക് വിദഗ്ധ പരിശോധന വേണമെന്ന അനുയായികളുടെ ആവശ്യം പോലീസ് തള്ളി. ഇതെ തുടര്‍ന്ന് അല്‍പ നേരം ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി.