ന്യൂഡല്‍ഹി: കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലും, വയനാട് ലോക്‌സഭാ മണ്ഡലത്തിലും നവംബര്‍ 13നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും.
മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നവംബര്‍ 20ന് തിരഞ്ഞെടുപ്പ് നടക്കും. ഝാര്‍ഖണ്ഡില്‍ രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 13ന് ആദ്യ ഘട്ടവും രണ്ടാംഘട്ടം നവംബര്‍ 20നും നടക്കും.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.
രണ്ടിടങ്ങളില്‍ ജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉപതെരഞ്ഞെടുപ്പിന് ഇനി 28 നാള്‍ കൂടിയുണ്ട്. പത്രിക സമര്‍പ്പണം ഈ മാസം 29 മുതല്‍ ആരംഭിക്കും.