Newsskerala

സി.സി.മുകുന്ദന്‍ സിപിഐ വിട്ടു, നാട്ടികയില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കും

തൃശ്ശൂര്‍:  സിപിഐ വിട്ട നാട്ടിക എംഎല്‍എയും മുതിര്‍ന്ന സിപിഐ നേതാവുമായ സി.സി മുകുന്ദന്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി. മുന്‍ ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂരുമായാണ് കൂടിക്കാഴ്ച നടത്തിയത്. സിപിഐയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസുമായുള്ള കൂടിക്കാഴ്ച. എംഎല്‍എയുടെ ക്യാമ്പ് ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. നാട്ടികയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സിസി മുകുന്ദന് പിന്തുണ നല്‍കുന്നതില്‍ കെപിസിസി നേതൃത്വം തീരുമാനമെടുക്കുമെന്ന് ജോസ് വള്ളൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സിപിഐയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി മുകുന്ദന്‍ അറിയിച്ചെന്നും, സീറ്റ് നിഷേധിച്ചത് എന്തിന്റെ പേരിലാണെന്നതില്‍ വ്യക്തതയില്ലെന്നും ജോസ് വള്ളൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സീറ്റില്ലെന്ന് പറഞ്ഞ് നേതാക്കളാരും വിളിച്ചില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയെത്തുടര്‍ന്നാണ് സി.സി. മുകുന്ദന്‍ പാര്‍ട്ടിവിട്ടത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാട്ടിക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. തന്നെ മാറ്റി ഗീതാ ഗോപിയെ സ്ഥാനാര്‍ഥിയാക്കാന്‍ പറ്റില്ലെന്ന് മുകുന്ദന്‍ ആദ്യം മുതലേ വ്യക്തമാക്കിയിരുന്നു. ഗീതാ ഗോപിയെ സ്ഥാനാര്‍ഥിയാക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജിവെച്ചത്.

Leave a Comment

Your email address will not be published. Required fields are marked *