ചാഴൂർ : കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശ്ശൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ ഗവൺമെന്റ് പദ്ധതികളെക്കുറിച്ച് സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടിയും പ്രദർശനവും തൃശ്ശൂർ ചാഴൂരിൽ സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശിധരൻ ഉദ്ഘാടനം ചെയ്തു.
ചാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് മോഹൻദാസ് , അരിമ്പൂർ, താന്ന്യം, അന്തിക്കാട്, മണലൂർ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും, ഐ.സി.ഡി.എസ് പ്രൊജക്റ്റ് അന്തിക്കാടിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ സ്വയം തൊഴിൽ- സംരംഭ സാധ്യതകളും ഗവൺമെന്റ് പദ്ധതികളും, ഡിജിറ്റൽ സാക്ഷരത, സൈബർ സുരക്ഷ, കേന്ദ്ര ഗവൺമെന്റിന്റെ സാമൂഹിക സാമ്പത്തിക സുരക്ഷാ പദ്ധതികൾ, പുതിയ ക്രിമിനൽ നിയമങ്ങൾ, പോസ്റ്റ് ഓഫീസ് സേവനങ്ങളും നിക്ഷേപ പദ്ധതികളും തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി.
തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആധാർ വിവരങ്ങൾ പുതുക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തി.