തൃശൂര്‍: പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിനും, ചേലക്കര അന്തിമഹാകാളന്‍കാവ് വെടിക്കെട്ടിനും അനുമതിയില്ല.
ചേലക്കരയിലെ വെടിക്കെട്ടിന് എ.ഡി.എം അനുമതി നല്‍കിയില്ല. ശനിയാഴ്ചയാണ് വേലാഘോഷം.
കുറുമല, തോന്നൂര്‍ക്കര, പങ്ങാരപ്പിള്ളി, ചേലക്കര, വെങ്ങാനെല്ലൂര്‍, ചേലക്കോട് എന്നീ അഞ്ച് വിഭാഗങ്ങളാണ് വെടിക്കെട്ട് നടത്തുക. ഏക്കര്‍ കണക്കിന് വിസ്്തൃതിയുള്ള കൊയ്‌തൊഴിഞ്ഞ പാടത്താണ് ഇവിടെ വെടിക്കെട്ട് നടത്താറുള്ളത്. കഴിഞ്ഞ വര്‍ഷം വെടിക്കെട്ടിന് തിരികൊളുത്തുന്നതിന് മുന്‍പാണ് അനുമതി നിഷേധിക്കപ്പെട്ടത്.
നെന്‍മാറ വലങ്ങി വേലയ്ക്കും വെടിക്കെട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര കമ്മിറ്റി നല്‍കിയ അപേക്ഷ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി ബിജു നിരസിച്ചു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അപേക്ഷ നിരസിച്ചെന്നാണ് ഉത്തരവിലുള്ളത്.
വെടിക്കെട്ട് നടത്താനുദ്ദേശിക്കുന്ന തീയതിക്ക് രണ്ടുമാസം മുമ്പാണ് അനുമതിക്കായി അപേക്ഷിക്കേണ്ടത്. ഈ മാനദണ്ഡം പാലിച്ചില്ല. അതിനാല്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ നടത്താനുള്ള സമയം ലഭിച്ചിട്ടില്ലെന്നത് അപേക്ഷ നിരസിക്കാന്‍ കാരണമായി.
എപ്രില്‍ 1,2,3 തീയതികളിലാണ് നെന്മാറ വല്ലങ്ങി വേല. കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ വെടിക്കെട്ടുകളിലൊന്നാണ് ഇവിടുത്തേത്. ഒന്നാം തീയതി വൈകീട്ട് 7.30നാണ് സാമ്പിള്‍ വെടിക്കെട്ട്. രണ്ടാം തീയതി വൈകീട്ട് 6.30നും മൂന്നാം തീയതി പുലര്‍ച്ചെ 3.00 മണിക്കുമാണ് പ്രധാന വെടിക്കെട്ടുകള്‍.
ചേലക്കര അന്തിമഹാകാളന്‍ കാവിലെയും, നെന്മാറ വലങ്ങിയിലെയും വേലാഘോഷ കമ്മിറ്റി വെടിക്കെട്ട് അനുമതിക്കായി ഹൈക്കോടതിയെ സമീപിക്കും.