ചാലക്കുടി: പോട്ട ഫെഡറല്‍ ബാങ്കില്‍ നിന്ന് മോഷ്ടിച്ച പണം പ്രതി റിജോ ആന്റണിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെടുത്തു. 12 ലക്ഷം രൂപയാണ് കണ്ടെടുത്തത്. കത്തിയും ഉപയോഗിച്ച വസ്ത്രവും പോലീസ് കണ്ടെടുത്തു. അതിനിടെ റിജോ ആന്റണി കടം വീട്ടിയയാളും പൊലീസില്‍ പണം തിരികെ ഏല്‍പ്പിച്ചു.
കിടപ്പുമുറിക്ക് മുകളിലുള്ള ഷെല്‍ഫില്‍ നിന്നാണ് പണം കണ്ടെത്തിയത്. അടുക്കളയില്‍ നിന്നാണ് കത്തി കണ്ടെത്തിയത്. റിജോയെ ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിച്ചായിരുന്നു ഇവ കണ്ടെത്തിയത്. അതേസമയം റിജോ ആന്റണി കടം വീട്ടിയ അന്നനാട് സ്വദേശി 2.9 ലക്ഷം രൂപ തിരികെ പൊലീസിനെ ഏല്‍പ്പിച്ചു. റിജോ അറസ്റ്റിലായത് അറിഞ്ഞാണ് പണം തിരികെ നല്‍കിയത്. ഇന്നലെ രാത്രി തന്നെ ഇയാള്‍ ചാലക്കുടി ഡിവൈ.എസ്.പി ഓഫീസിലെത്തിയാണ് പണം തിരികെ ഏല്‍പ്പിച്ചത്.
റിജോ സുഹൃത്തിന്റെ പക്കല്‍ നിന്നും കടം വാങ്ങിയത് 3 ലക്ഷം രൂപയായിരുന്നു. വിദേശത്ത് പോകാന്‍ ബാങ്കില്‍ സെക്യൂരിറ്റി തുക കാണിക്കാന്‍ വേണ്ടിയാണ് പണം വാങ്ങിയത്. ആദ്യം 10000 രൂപ തിരികെ കൊടുത്തു. 15-ാം തിയതി 2.90 രൂപ റിജോ തിരികെ നല്‍കി. പ്രതി റിജോ ആന്റണിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കവര്‍ച്ചയിലേക്ക് നയിച്ചത് പ്രതിയുടെ ധൂര്‍ത്തെന്നാണ് കുറ്റസമ്മതം. പ്രതി ചിലവാക്കിയ ശേഷമുള്ള പണം കണ്ടെടുക്കേണ്ടതുണ്ട്
ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതി റിജോ എന്ന് പൊലീസ് ഉറപ്പിച്ചതില്‍ നിര്‍ണായകമായത് റിജോ ധരിച്ച ഷൂ ആണ്. അന്വേഷണത്തിന് ഒടുവില്‍ പേരാമ്പ്ര അപ്പോളോയ്ക്ക് പിന്നിലുള്ള ആശാരിപ്പാറ ഭാഗത്ത് പൊലീസ് എത്തി. ആ പ്രദേശത്തുള്ള സ്ത്രീയോട് ബാങ്ക് കവര്‍ച്ചയുടേയും സ്‌കൂട്ടറില്‍ പ്രതി പോകുന്നതിന്റെയും സിസിടിവി ദൃശ്യം കാണിച്ച് ഇങ്ങനെ ഒരാളെ അറിയുമോ എന്ന് ചോദിച്ചു. വ്യക്തമാകുന്നില്ലെന്ന് മറുപടി ലഭിച്ചപ്പോള്‍ ദൃശ്യത്തില്‍ കാണുന്നതിനോട് സാമ്യമുള്ള ആരെയെങ്കിലും അറിയുമോ എന്നും പൊലീസുകാര്‍ ചോദിച്ചു.
തൊട്ടടുത്ത റിജോയുടെ വീട്ടില്‍ ഇത്തരത്തില്‍ ഒരു സ്‌കൂട്ടറുണ്ടെന്ന് അവര്‍ മറുപടി നല്‍കി. ഇതോടെ റിജോയുടെ വീട്ടിലേക്ക് പൊലീസ് മഫ്ത്തിയിലെത്തി. മോഷണ സമയത്ത് റിജോ ധരിച്ച ഷൂസ് പുറത്ത് കണ്ടെത്തി. ഇതോടെ പ്രതിയിലേക്ക് പൂര്‍ണമായി എത്തിയെന്ന് പൊലീസ് ഉറപ്പിച്ചു.
അക്കൗണ്ടുള്ള സ്വന്തം ബാങ്കായ ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖയിലെത്തി വിശദമായി നിരീക്ഷിച്ചു. ശേഷം ചാലക്കുടി പള്ളിപ്പെരുന്നാളിന് പോയി. അവിടെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളില്‍ നിന്നും ഒരു നമ്പര്‍ തെരഞ്ഞെടുത്തു. ആ നമ്പര്‍ വച്ച് സ്വന്തം സ്‌കൂട്ടറിന് ഒരു വ്യജ നമ്പര്‍ പ്ലേറ്റ് അടിച്ചു. സിസി ടിവിയില്‍ തപ്പുമ്പോള്‍ പെരുന്നാളിന് വന്ന ഈ നമ്പറുള്ള വണ്ടി തെരഞ്ഞ് പൊലീസ് പോകുമെന്നായിരുന്നു പ്ലാന്‍.
ഹെല്‍മറ്റ്, മങ്കി ക്യാപ്പ്, ഷൂസ്, കയ്യില്‍ ഗ്ലൗസ് എന്നിവ ധരിച്ചു. വീട്ടില്‍ നിന്നും ബാങ്കിലേക്കും അവിടുന്ന് തിരിച്ചും പോകുമ്പോള്‍ ഇടവേളയിട്ട് മാറാന്‍ മൂന്ന് ഡ്രസുകള്‍ തിരഞ്ഞെടുത്തു. സിസിടിവി തപ്പുമ്പോഴും മനസിലാകാതിരിക്കാനായിരുന്നു ഇത്. മോഷണം കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്‌കൂട്ടറിന് ഒരു ചെയ്ഞ്ച് തോന്നാല്‍ വേണ്ടി 500 മീറ്റര്‍ പിന്നിട്ടപ്പോള്‍ സ്‌കൂട്ടറിന് റിയര്‍ വ്യൂ മിററും ഫിറ്റ് ചെയ്തു. കവര്‍ച്ചയ്ക്കു ശേഷം ദേശീയ പാതയിലും സംസ്ഥാന പാതയിലുമുള്ള നിരീക്ഷണ ക്യാമറകള്‍ ഒഴിവാക്കി റിജോ വീട്ടിലെത്തി.
പക്ഷേ മൂന്ന് ഡ്രസ് എടുക്കാന്‍ വരെ ബുദ്ധി കാണിച്ച റിജോ ഷൂസ് മാറ്റാന്‍ മറന്നു. ഈ ഷൂസ് പൊലീസിന് പിടിവള്ളിയായി. മോഷണത്തിന് നാലു ദിവസം മുന്‍പ് തന്റെ എടിഎം കാര്‍ഡ് എക്‌സ്‌പെയര്‍ ആയെന്നും പറഞ്ഞ് ബാങ്കിലെത്തി ഒരു ഷോ നടത്തിയതും റിജോയ്ക്ക് കുരുക്കായി.