കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് താന്‍ ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ പരിപാടിക്ക് എത്തുമെന്ന് തനിക്ക് മുന്‍പ് അറിവില്ലായിരുന്നുവെന്ന് കളക്ടര്‍ മൊഴി നല്‍കി. ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ല. ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് കളക്ടറുടെ മൊഴി രേഖപ്പെടുത്തിയത്. കളക്ടര്‍ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് പരിപാടിക്ക് എത്തിയതെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പി പി ദിവ്യയുടെ പരാമര്‍ശം. യാത്രയയപ്പ് യോഗത്തിന് മുന്‍പ് ദിവ്യ ഫോണില്‍ വിളിച്ചിരുന്നു. എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും കളക്ടര്‍ അറിയിച്ചു. എല്ലാ കാര്യങ്ങളും അനേഷണസംഘത്തിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
യാത്രയയപ്പ് ദിവസം ദിവസം പി.പി.ദിവ്യ തന്നെ ഫോണില്‍ വിളിച്ചിരുന്നു. നവീന്റെ മരണശേഷം താന്‍ ദിവ്യയുമായി ഫോണില്‍ സംസാരിച്ചിട്ടില്ല.
അവധി നല്‍കാതെ താന്‍ എ.ഡി.എമ്മിനെ പീഡിപ്പിച്ചെന്ന ആരോപണവും കളക്ടര്‍ തള്ളി. തീര്‍ത്തും സൗഹാര്‍ദപരമായ ബന്ധമാണ് എ.ഡി.എമ്മുമായി ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യാത്രയയപ്പിന് ശേഷ താന്‍ നവീനോട് സംസാരിച്ചോ എന്ന് ഇപ്പോള്‍ പറയുന്നില്ല. അത് അനേഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഔദ്യോഗിക വസിതിയിലെത്തിയാണ് ഇന്നലെ രാത്രി അന്വേഷണസംഘം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. ടൗണ്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കാന്‍ എത്തിയത്. മൊഴിയെടുക്കല്‍ നടപടികള്‍ 30 മിനിറ്റിലധികം നീണ്ടു.