കൊച്ചി: എയിംസ് കേരളത്തില്‍ വരുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയില്‍ തര്‍ക്കം. എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെതിരെ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ സംസ്ഥാന ജന.സെക്രട്ടറി അനൂപ് ആന്റണിയാണ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയത്.
പരസ്യ നിലപാട് ആവര്‍ത്തിക്കുന്ന സുരേഷ് ഗോപിയെ അടക്കി നിര്‍ത്താന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് വിവരം. അടുത്ത ആഴ്ച പ്രധാനമന്ത്രിയെ രാജീവ് ചന്ദ്രശേഖര്‍ നേരില്‍ കാണും. ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ഈ മാസം 27 ന് കൊല്ലത്തെത്തുന്ന ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ ജെ പി നദ്ദ എയിംസിന്റെ കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ അന്തിമ നിലപാട് വ്യക്തമാക്കും.
എയിംസുമായി ബന്ധപ്പെട്ട് ബിജെപിയില്‍ കഴിഞ്ഞ കുറെ കാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ബി ജെ പിയിലെ പല നിയമസഭാ സ്ഥാനാര്‍ഥികളും അവരുടെ പ്രകടനപത്രികയില്‍ എയിംസ് മണ്ഡലങ്ങളില്‍ കൊണ്ടുവരുമെന്ന് വാഗ്താനം ചെയ്തത് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ കോര്‍ കമ്മിറ്റിയിലടക്കം എയിംസില്‍ വ്യക്തത വരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന നേതാക്കള്‍ രംഗത്തുവന്നിരുന്നു.
സംസ്ഥാനസര്‍ക്കാര്‍ എയിംസ് കോഴിക്കോട് സ്ഥാപിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എയിംസിനായി സംസ്ഥാനസര്‍ക്കാര്‍ കിനാലൂരില്‍ 200 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുത്തിട്ടുള്ളത്.