തൃശൂര്‍: ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി നിയന്ത്രണത്തില്‍ ഭക്തജനസംഘടനകളുടെയും ദേവസ്വങ്ങളുടെയും, ഉത്സവസംഘാടകരുടെയും പ്രതിഷേധം പടരുന്നു. അടുത്ത ദിവസങ്ങളില്‍ ശക്തമായ പ്രത്യക്ഷ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് നീക്കം.
വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ ഇന്ന് രാവിലെ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങള്‍ സംയുക്തമായി നാളെ ആചാര സംരക്ഷണ കൂട്ടായ്മയും നടത്തും. ജില്ലയിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും പ്രതിഷേധസമരം നടന്നുവരുന്നുണ്ട്്്.
ഇന്ന്്് നടക്കുന്ന എരവിമംഗലം ഷഷ്ഠിക്ക്് ഏഴാനകള്‍ മാത്രമാണ് അണിനിരക്കുക. കഴിഞ്ഞവര്‍ഷം വരെ കൂട്ടിയെഴുന്നള്ളിപ്പിന് പതിനഞ്ചാനകള്‍ അണിനിരന്നിരുന്നു. ആനകളെ എഴുന്നള്ളിപ്പിക്കാന്‍ കഴിയാത്തതില്‍ ഇവിടെ ദേശക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
ഉത്രാളിക്കാവ് ക്ഷേത്രത്തില്‍ നടക്കുന്ന പ്രതിഷേധ സംഗമം സേവ്യയര്‍ ചിറ്റിലപ്പള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉത്രാളിക്കാവിലെ എങ്കക്കാട്, കുമരനെല്ലൂര്‍, വടക്കാഞ്ചേരി ദേശങ്ങളുടെ നേതൃത്വത്തിലാണ് പ്രതിഷേധസംഗമം.
തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങള്‍ സംയുക്തമായി ഇന്ന് ആചാര സംരക്ഷണ കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്.
നവംബര്‍ 14 നാണ് സംസ്ഥാനത്തെ ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിബന്ധനകള്‍ മുന്നോട്ടുവച്ചുകൊണ്ട് ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളത്തില്‍ നിര്‍ത്തരുതെന്നത് ഉള്‍പ്പെടെയുള്ള നിരവധി മാര്‍ഗനിര്‍ദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എ ഗോപിനാഥ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാന്‍ ആവശ്യമായ സ്ഥലം, പൊതുജനങ്ങളില്‍ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കെതിരെ ക്ഷേത്ര ഉത്സവ കമ്മിറ്റി ഓര്‍ഗനൈസേഷന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ മെമ്മോറാണ്ടം നല്‍കിയിരുന്നു. നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കേരളത്തിന്റെ പൈതൃകത്തെ നശിപ്പിക്കും, ഹര്‍ജി പരിഗണിക്കുന്ന ബെഞ്ച് വിഷയം കൃത്യമായി പഠിച്ചിട്ടില്ല, നിഷ്പക്ഷത ഉറപ്പാക്കാന്‍ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ച് പുനസംഘടിപ്പിക്കണം, തുടങ്ങിയ ആവശ്യങ്ങളാണ് മെമ്മോറാണ്ടത്തില്‍ പറയുന്നത്. പ്രായോഗികമല്ലാത്ത നിര്‍ദ്ദേശങ്ങളാണ് ഹൈക്കോടതി ഗൈഡ് ലൈനില്‍ ഉള്ളതെന്നു മെമ്മോറാണ്ടത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്.