തിരുവനന്തപുരം: ഗവ.മെഡിക്കല്‍ കോളേജില്‍ മോസിലോസ്‌കോപ്പ്് കാണാതായതുമായി ബന്ധപ്പെട്ട് ഡോ .ഹാരിസ് ഹസ്സനെ പ്രതിക്കൂട്ടിലാക്കി മെഡി.കോളേജ് പ്രിന്‍സിപ്പല്‍ ജബ്ബാര്‍ രംഗത്ത്. ഇന്നലെ ഡോ.ഹാരീസിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ ബോക്്‌സ് കണ്ടെത്തി. ബോക്‌സില്‍ ചില ബില്ലുകളുണ്ടായിരുന്നു. ഓഗസ്റ്റ്് 2ന് മോസിലോസ്‌കോപ്പ്് വാങ്ങിയതിന്റെ ബില്ല് കണ്ടെത്തി. ഇതില്‍ അസ്വാഭാവികതയുണ്ട്. അന്വേഷണം വേണം. സിസി ടിവി ദൃശ്യങ്ങളില്‍ ഒരാള്‍ മുറിയിലേക്ക് കയറുന്നത് കണ്ടിരുന്നു. ഇത് ഏത് ദിവസമാണെന്ന് കണ്ടെത്തണം. പുതുതായി വാങ്ങിയ ഉപകരണത്തിന്റെ ഫോട്ടോ പഴയതുമായി ചേരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപകരണം അവിടെയില്ലെന്നാണ് സമിതി കണ്ടെത്തിയത്. സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാണാതായ ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെ കണ്ടെത്തിയിരുന്നു. ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉപകരണം കാണാനില്ല എന്ന് പരാമര്‍ശിച്ചിരുന്നു. പ്രിന്‍സിപ്പലിന്റെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡോ. ഹാരിസ് ഹസ്സന്‍ വകുപ്പ് മേധാവിയായ യൂറോളജി വിഭാഗത്തില്‍ നിന്ന് ഉപകരണം നഷ്ടമായെന്നും ഡോക്ടര്‍ തന്നെ ഇക്കാര്യം സമ്മതിച്ചെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എം പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 12 ലക്ഷം രൂപ വിലവരുന്ന ഉപകരണം കാണാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഈ ഉപകരണം യൂറോളജി വിഭാഗത്തിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ തന്നെയുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മെഡിക്കല്‍ കോളേജ് ആരോഗ്യവകുപ്പിന് ഉടന്‍ കൈമാറുമെന്നാണ് വിവരം. അതേസമയം യൂറോളജി വിഭാഗത്തിലെ പരാധീനതകള്‍ തുറന്നുപറഞ്ഞതില്‍ ഡോക്ടറോട് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചെങ്കിലും ഹാരിസ് ഹസ്സന്‍ ഒരു തരത്തിലുമുള്ള വിശദീകരവും നല്‍കിയിരുന്നില്ല.
ഉപകരണം കാണാനില്ലെന്ന് മന്ത്രി പറഞ്ഞതിന് പിന്നാലെ ഏറെ വൈകാരികമായിട്ടാണ് ഡോക്ടര്‍ ഹാരിസ് ഹസ്സന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. ഉപകരണം നഷ്ടമായിട്ടില്ലെന്നും ഈ ഉപകരണത്തിന്റെ ഉപയോഗം അപകടം പിടിച്ചതായതിനാല്‍ ഉപയോഗിക്കാതെ മാറ്റിയതാണെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഉപകരണം സുരക്ഷിതമല്ലാത്തതിനാല്‍ കമ്പനികള്‍ ഉത്പാദനം നിര്‍ത്തിയെന്നും ഡോ ഹാരിസ് ഹസന്‍ പറഞ്ഞിരുന്നു.