ഗുരുവായൂര്‍: പലിശക്കാരിയുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ തീ കൊളുത്തി ജീവനൊടുക്കി. ഗുരുവായൂര്‍ ഇരിങ്ങപ്പുറം പുതുവീട്ടില്‍ ജുമൈല (50) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വീടിനു പുറകിലെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പലിശയ്ക്ക് പണം വാങ്ങിയ ആബിദയില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന് ജുമൈല പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പ് ജുമൈല ആബിദയില്‍ നിന്ന് പലിശക്ക് അമ്പതിനായിരം രൂപ വാങ്ങിയിരുന്നതായി മകന്‍ ഷിനാസ് പറഞ്ഞു. പലിശയിനത്തില്‍ മാത്രമായി മാസം 10,000 രൂപ വീതം എട്ടു മാസത്തോളം നല്‍കിയെങ്കിലും രണ്ടുമാസത്തോളം പണം നല്‍കാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് പലിശക്കാരിയായ ആബിദ ഭീഷണിപ്പെടുത്തിയിരുന്നതായി കുറിപ്പെഴുതി വച്ച ശേഷമാണ് ജുമൈല ജീവനൊടുക്കിയത്.



















