Newsskerala

തൃശൂര്‍ പൂരം കലക്കലില്‍ പൊലീസിന് ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ പോലീസിന് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണ റിപ്പോര്‍ട്ട് എഡിജിപിക്ക് സമര്‍പ്പിച്ചു.
ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്്.  തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാടുകള്‍ പ്രശ്‌നത്തിന് കാരണമായതായി അന്വേഷണ റിപ്പോര്‍ട്ട്. 16 മാസം കൊണ്ടാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത്. എഡിജിപി അജിത് കുമാറിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലന്നാണ് സൂചന.
തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവെച്ച് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പൂരം അലങ്കോലപ്പെട്ടിട്ടും എം.ആര്‍ അജിത് കുമാര്‍ ഇടപെടാത്തത് കര്‍ത്തവ്യലംഘനമാണെന്നാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. തൃശൂരില്‍ ഔദ്യോഗിക ആവശ്യത്തിന് എത്തിയിട്ടും വിഷയത്തില്‍ ശ്രദ്ധ കൊടുത്തില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ടായിരുന്നു. മേല്‍നോട്ടക്കുറവ് സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പൂരം മുടങ്ങിയപ്പോള്‍ ഇടപെട്ടില്ല, മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രത പുലര്‍ത്തിയില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2024-ലെ പൂരം അലങ്കോലപ്പെട്ട സമയത്ത് മന്ത്രി കെ. രാജന്‍ വിളിച്ചത് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍ മൊഴി നല്‍കിയിരുന്നു. പൂരത്തില്‍ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയെപ്പറ്റി മന്ത്രി സംസാരിച്ചിരുന്നു. രാത്രി 10.30 വരെ മന്ത്രി വിളിച്ചപ്പോള്‍ പൂരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ക്രമസമാധാനപ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. എന്നാല്‍ 12 മണിക്കുശേഷം ഉറങ്ങിപ്പോയി.- പിറ്റേന്നു രാവിലെയാണ് പൂരം അലങ്കോലപ്പെട്ട വിവരം അറിഞ്ഞതെന്നാണ് അജിത്കുമാര്‍ ഡിജിപിക്ക് നല്‍കിയ മൊഴിയിലുണ്ടായിരുന്നത്.
പൂരം മുടങ്ങിയ സമയത്ത് എഡിജിപിയെ പലവട്ടം ഫോണില്‍ വിളിച്ചിട്ടും പ്രതികരിച്ചില്ലെന്നായിരുന്നു മന്ത്രി കെ. രാജന്റെ നിര്‍ണായകമൊഴി. എന്നാല്‍, ഈ ആരോപണം ഭാഗികമായി തള്ളിക്കൊണ്ടാണ് അജിത്കുമാര്‍ മൊഴി നല്‍കിയത്.

Leave a Comment

Your email address will not be published. Required fields are marked *