പ്രതികളുടെയും ബിനാമികളുടെയും അനധികൃതമായ സ്വത്ത് കണ്ടുകെട്ടിയേക്കും
സിപിഎം നേതാക്കൾക്കോ ബന്ധുക്കൾക്കോ തട്ടിപ്പുമായി ബന്ധപ്പെട്ട് പണം കൈമാറിയിട്ടുണ്ടോ എന്ന് ഇ ഡി പരിശോധിക്കും.
18 കേസുകൾ എടുത്ത ക്രൈം ബ്രാഞ്ച് കാര്യമായ കാര്യമായ അന്വേഷണം നടത്തുകയോ കുറ്റപത്രം സമർപ്പിക്കുകയോ ചെയ്തിട്ടില്ല
പ്രതികളിൽ നിന്ന് അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടുവാനും നടപടി ഇതുവരെ ഉണ്ടായിട്ടില്ല
കേന്ദ്ര സായുധസേന അംഗങ്ങൾ റെയ്ഡ് നടക്കുന്ന ഇടങ്ങളിൽ കാവൽ നിൽക്കുന്നു
ഇ ഡി ക്ക് സാമ്പത്തിക ക്രമക്കേടുകൾ നേരിടാൻ നൽകിയ വലിയ അധികാരങ്ങളുള്ള കേന്ദ്രത്തിന്റെ നിയമഭേദഗതി സുപ്രീംകോടതി അടുത്തിടെ അംഗീകരിച്ചിരുന്നു
തൃശ്ശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തുന്നു. മുഖ്യപ്രതി ബിജോയിയുടെ കാര്യകുളങ്ങരയിലെയും, ബിജു കരീമിന്റെ മാപ്രണത്തെയും അടക്കം കേസിലെ അഞ്ച് പ്രതികളുടെയും വീടുകളിൽ ഒരേസമയമാണ് പരിശോധന നടത്തുന്നത്.
എ.സി.പി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള 75 അംഗ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. ബിനാമി നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ കണ്ടെത്തുന്നതിനായാണ് പരിശോധന. രാവിലെ 8 മണി മുതലാണ് റെയിഡ് ആംരഭിച്ചത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇ ഡി സമാന്തരമായി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പ്രതികളുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 104 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ട് ഒരു വര്‍ഷമായെങ്കിലും കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.
പതിനെട്ട് കേസുകളാണ് ക്രൈംബ്രാഞ്ച് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരെണ്ണത്തില്‍ പോലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. മൂന്നുമാസത്തിനുള്ളില് കുറ്റപത്രം സമര്‍പ്പിക്കാനാവുമെന്ന പ്രതീക്ഷ മാത്രമാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ഉള്ളത്. സിപിഎം നേതാക്കളുടെയും ഒരു മുൻ മന്ത്രിയുടെയും ആവശ്യപ്രകാരമാണ് ലോണുകൾ നൽകിയിട്ടുള്ളത് എന്ന് മുഖ്യപ്രതിയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
300 കോടിക്ക് മുകളിൽ തട്ടിപ്പ് നടന്നിട്ടുണ്ട് എന്നാണ് മുഖ്യ പരാതിക്കാരനായ എം വി സുരേഷ് പറയുന്നത്. 2012 മുതൽ തട്ടിപ്പ് ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടികൾ ഉണ്ടായില്ലെന്ന് ആരോപണമുണ്ട്. 2018ലെ ഓഡിറ്റിലാണ് ഞെട്ടിപ്പിക്കുന്ന ബാങ്ക് തട്ടിപ്പിനെ പറ്റി ആദ്യമായി ഓഡിറ്റ് റിപ്പോർട്ട് വരുന്നത്. അതിനുശേഷം ഭരണസമിതിയോ പാർട്ടിയോ കൃത്യമായ തിരുത്തൽ നടപടികൾ കൈക്കൊണ്ടില്ല.
കഴിഞ്ഞ വർഷമാണ് ബാങ്കിൽ നിന്ന് നിക്ഷേപം തിരിച്ചുകിട്ടാതെ നിക്ഷേപകർ വലയുന്ന വാർത്ത മാധ്യമങ്ങളിൽ വരുന്നത്. ബാങ്കിൽ നിക്ഷേപിച്ച 30 ലക്ഷം രൂപ തിരികെ ലഭിക്കാത്തതിനാൽ ഈയിടെ നിക്ഷേപകയായ ഫിലോമിന മരിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു.