ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ഭരണഘടനയുടെ അടിസ്ഥാനം തന്നെ വോട്ടാണ് അത് തകര്‍ക്കപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടന നല്‍കുന്നത് ഒരാള്‍ക്ക് ഒരു വോട്ട് എന്ന അവകാശം. എന്നാല്‍ ബിജെപി മാന്ത്രികവിദ്യയിലൂടെ ഭരണ വിരുദ്ധ വികാരമില്ലാത്ത പാര്‍ട്ടിയായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങള്‍ രാഹുല്‍ ഉന്നയിച്ചത്. വോട്ട് മോഷണം എന്ന പേരില്‍ പ്രസന്റേഷന്‍ കാണിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനം.
എക്‌സിറ് പോള്‍ ഫലങ്ങളില്‍ നിന്ന് വിപരീതമായ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകുന്നു. ഹരിയാന തിരഞ്ഞെടുപ്പില്‍ അത് കണ്ടതാണ്. ഹരിയാനയിലെയും കര്‍ണാടകയിലെയും തിരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയതിലും സംശയം ഉണ്ട്. മഹാരാഷ്ട്രയില്‍ 5 വര്‍ഷത്തിനിടയില്‍ കൂടുതല്‍ വോട്ടര്‍മാരെ ഉള്‍പ്പെടുത്തി. തെരഞ്ഞെടുപ്പു കമ്മിഷന്‍ ബിജെപിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പു അട്ടിമറിച്ചുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
ഇലക്ട്രോണിക് വോട്ടര്‍ പട്ടിക കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കാതിരുന്നത് പരിശോധനകള്‍ ബുദ്ധിമുട്ടാക്കി. കമ്മിഷന്‍ ബിജെപിയുമായി ചേര്‍ന്ന് വോട്ട് മോഷ്ടിക്കുന്നുവെന്ന് വ്യക്തമാണ്. ഇത് പഠിക്കാന്‍ ടീമിനെ വച്ചു. വോട്ടര്‍ പട്ടികയിലെ ഓരോ ചിത്രവും പേരും വിവരങ്ങളും വിശദമായി പരിശോധിച്ചു. സോഫ്ട് കോപ്പി തരാത്തതിനാല്‍ കടലാസ് രേഖകള്‍ പരിശോധിച്ചു. സെക്കന്റുകള്‍ കൊണ്ട് രേഖ പരിശോധിക്കുന്നത് ആറുമാസം വേണ്ടിവന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മഹാരാഷ്ട്രയില്‍ അഞ്ചുവര്‍ഷത്തില്‍ ചേര്‍ത്തവരെക്കാള്‍ കൂടുതല്‍ അഞ്ചുമാസം കൊണ്ട് ചേര്‍ത്തു. ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയതിലും സംശയം ഉണ്ട്. മഹാരാഷ്ട്രയില്‍ 5 മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയര്‍ന്നു. വോട്ടര്‍ പട്ടിക നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരുഹ വോട്ടര്‍മാര്‍ വന്നു. സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമങ്ങള്‍ മാറ്റിയെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.