കൊച്ചി: ആനയെഴുന്നള്ളിപ്പില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം വേണമെന്നാണ് വ്യവസ്ഥ. ആനകള്‍ പരസ്പരം സ്പര്‍ശിച്ച് നില്‍ക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
നിശ്ചിത അകലപരിധി ഗൈഡ് ലൈന്‍ പുറപ്പെടുവിച്ചത് ആളുകളുടെ സുരക്ഷ കൂടി പരിഗണിച്ചാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ആളുകളുടെ സുരക്ഷ അടക്കം പരിഗണിക്കേണ്ടതുണ്ട്. ആനകളെ എഴുന്നളളത്തിന് ഉപയോഗിക്കേണ്ട എന്നല്ല പറയുന്നതെന്നും കോടതി വ്യക്തമാക്കി.
ദൂൂരപരിധി പാലിച്ചാല്‍ 9 ആനളെ മാത്രമെ എഴുന്നള്ളിക്കാനാകൂയെന്ന് തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയേശ ക്ഷേത്ര ഭാരവാഹികള്‍ കോടതിയെ അറിയിച്ചു. എങ്കില്‍ 9 ആനകളുടെ എഴുന്നള്ളത്തുമായി മുന്നോട്ടു പോയിക്കൂടെയെന്നായിരുന്നു കോടതിയുടെ ചോദ്യം.
ആനയില്ലെങ്കില്‍ ആചാരങ്ങള്‍ മുടങ്ങുന്നത് എങ്ങനെയാണെന്നും ഏതു മതാചാരത്തിന്റെ ഭാഗമാണെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ആന എഴുന്നള്ളിപ്പ് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.