ന്യൂഡല്‍ഹി: ആന എഴുന്നള്ളിപ്പ് പൂര്‍ണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്ന് സുപ്രീം കോടതി നിരീക്ഷണം. ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
കേസില്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ആനകളുടെ സര്‍വേ നടത്തണം എന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശമാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വഗജസേവാ സമിതി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി.
വളര്‍ത്തുനായയായ ബ്രൂണോ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഹൈക്കോടതി പുറപ്പെടുവിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നായക്ക് എതിരായ ക്രൂരതയില്‍ എടുത്ത കേസ് എങ്ങനെ ആനയിലേക്ക് എത്തിയെന്നും ജസ്റ്റീസ് നാഗരത്‌ന ചോദിച്ചു.
അതേസമയം ആന എഴുന്നെള്ളിപ്പ് കേസില്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ സുപ്രീംകോടതി ഇടപെട്ടില്ല. പാറമേക്കാവ്, തിരുമ്പമ്പാടി ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ നിലവില്‍ ഇടപെടാനില്ലെന്ന് ജസ്റ്റീസ് നാഗരത്‌ന അറിയിച്ചു.