2024-ല്‍ നവവത്സരസമ്മാനമായി സുവോളജിക്കല്‍ പാര്‍ക്ക് സമര്‍പ്പിക്കുമെന്ന് മന്ത്രി രാജന്‍
തൃശൂര്‍: ലോകശ്രദ്ധ നേടും വിധം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍
വികസനപ്രവര്‍ത്തനങ്ങളുടെ വേലിയേറ്റമാണ് പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് റവന്യൂമന്ത്രി കെ.രാജന്‍ പ്രസ്താവിച്ചു. വിവാദസംവാദങ്ങളില്‍ സര്‍ക്കാരിന് താല്‍പര്യമില്ല. 2024-ല്‍ നവവത്സരസമ്മാനമായി പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്ക് സമ്മാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. തേക്കിന്‍കാട് മൈതാനത്ത് എന്റെ കേരളം പ്രദര്‍ശന വിപണന മേള മെഗാ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിത വിജയത്തിനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കും. 14ന് തൃശൂരില്‍ നടത്തുന്ന പട്ടയമേളയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ പേര്‍ക്ക് (കഴിഞ്ഞവര്‍ഷം 54,535) പട്ടയം നല്‍കും. സംസ്ഥാനത്ത് സ്വയം സംരംഭകത്വം ഒന്നേകാല്‍ ലക്ഷം കവിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി.ബാലചന്ദ്രന്‍, സേവ്യർ ചിറ്റിലപ്പിള്ളി, ടൈസണ്‍ മാസ്റ്റര്‍, എന്‍.കെ.അക്ബര്‍, മുരളി പെരുനെല്ലി, കെ.കെ.രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവിസ് മാസ്റ്റര്‍, മേയര്‍ എം.കെ.വര്‍ഗീസ്, കളക്ടര്‍ വി.ആര്‍.കൃഷ്ണ തേജ, സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, മുരളി ചീരോത്ത്, കരിവെള്ളൂര്‍ മുരളി നിരവധി പ്രമുഖര്‍ പങ്കെടുത്തു.