ഓഗസ്റ്റ് 15ന് ചെങ്കോട്ടയിൽ നിന്നുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ മരുന്നുകൾക്ക് 70 ശതമാനം വില കുറയുന്നതിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
കൊച്ചി: കാൻസർ പ്രമേഹ, ഹൃദ്രോഗ മരുന്നുകൾക്ക് 70 ശതമാനം വില കുറക്കുവാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഓഗസ്റ്റ് 15ന് ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്.
മരുന്നു കമ്പനികളുടെ പ്രതിനിധികളുമായി ജൂലൈ 26ന് കേന്ദ്ര ആരോഗ്യ മന്ത്രി മാൻസുഖ് മാഡവ്യ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തും. ഓഗസ്റ്റ് 15ന് ചെങ്കോട്ടയിൽ നിന്നുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ മരുന്നുകൾക്ക് 70 ശതമാനം വില കുറയുന്നതിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ 355 മരുന്നുകൾ അവശ്യമരുന്നുകളുടെ പട്ടികയായ നാഷണൽ ലിസ്റ്റ് ഓഫ് എസ്സെൻഷ്യൽ മെഡിസിൻസ് (NLEM) ത്തിന്റെ പരിധിയിലുണ്ട്.
മൊത്തവിതരണ ലാഭം 8% വും ചില്ലറകച്ചവടത്തിനുള്ള ലാഭം 16% വുമായി വില നിർണയ സംവിധാനമായ നാഷണൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിങ് അതോറിറ്റി (NPPA) ഈ മരുന്നുകൾക്ക് നിശ്ചയിച്ചിട്ടുണ്ട്.
എങ്കിലും, 10% വെച്ച് ഓരോ വർഷവും ഈ മരുന്നുകൾക്ക് വില കൂട്ടാം.
ഈ നിയന്ത്രണങ്ങൾക്ക് പുറമേയുള്ള മരുന്നുകൾക്ക് 1000% വരെ ലാഭം ലഭിക്കും വിധമാണ് മരുന്നു കമ്പനികൾ വിൽപ്പന നടത്തുന്നത് എന്നത് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
നിലവിൽ 60% രോഗികളും സ്വന്തം ചെലവിലാണ് രാജ്യത്ത് മരുന്നുകൾ വാങ്ങുന്നത്.
2019 -ൽ 41 ക്യാൻസർ മരുന്നുകൾക്ക് പ്രത്യേക അധികാരം വിനിയോഗിച്ച് 30% ലാഭവിഹിതം കുറച്ചപ്പോൾ, 556 തരം മരുന്നുകൾക്ക് വില്പന വില 90% കുറഞ്ഞിരുന്നു.
അതോടൊപ്പം ഹൃദയ ധമനികളിലെ തടസ്സം നീക്കുന്ന ആൻജിയോ പ്ലാസ്റ്റി സ്റ്റാൻഡുകൾക്കും മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയക്കും വിലയിൽ കടുത്ത നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവന്നിരുന്നു.
2017 ൽ 85 ശതമാനം വിലക്കുറവ് സ്റ്റന്റുകൾക്ക് വരുത്തി എന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു.
ഇത്തരം വില നിയന്ത്രണ നടപടികളിലൂടെ രാജ്യത്ത് ഒരു വർഷം പാവപ്പെട്ട രോഗികൾക്ക് 12,500 കോടി രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്.